പത്തനംതിട്ട: പി.സി. ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ജോർജിനെ കേരളത്തില്‍ ആരും വിശ്വസിക്കില്ല. എങ്ങും സ്ഥലമില്ലാതെ വന്നപ്പോഴാണ് ജോർജ് ബി.ജെ.പിയില്‍ ചേർന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
‘പി.സി ജോർജിനെ സ്ഥാനാർഥിയാക്കാൻ തലയില്‍ ജനവാസമുള്ള ആരും തയ്യാറാകില്ല. മത്സരിച്ചാല്‍ പി.സി ജോർജ് ദയനീയമായി പരാജയപ്പെടുമെന്ന് ഉറപ്പാണ്. പി.സി ജോർജിന് ആരും വോട്ട് ചെയ്യില്ല. ബി.ജെ.പിക്കാർ പോലും വോട്ട് ചെയ്യുമോ എന്ന് സംശയമാണ്’ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വി.ഡി സതീശനും കെ.സുധാകരനും ഒരുമിച്ച് സമരാഗ്നി യാത്ര നടത്തുന്നത് ഒരുമയില്ലാത്തതുകൊണ്ടാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. “ബാക്കിയെല്ലാ പാർട്ടികളിലും ഒരാളാണ് യാത്ര നയിക്കുന്നത്. രണ്ടാള്‍ യാത്ര നടത്തുന്നതിന് അർഥം നേതൃത്വം ഒരാളല്ല രണ്ടാളാണെന്നുള്ളതാണ്. നേതൃത്വത്തില്‍ തമ്മില്‍ തല്ലല്ലേ ഇത്” വെള്ളാപ്പള്ളി പരിഹസിച്ചു.