കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പെട്ടെന്ന് തന്നെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിറങ്ങിയത്. ആനയെ മയക്കുവെടിവച്ച് പിടികൂടിയ ശേഷം കുങ്കിയാനകളെ ഉപയോഗിച്ച് മുത്തങ്ങയിലേക്ക് മാറ്റണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
കര്‍ണാടകയില്‍ നിന്നും കുങ്കിയാനകള്‍ പടമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആനയെ മയക്ക് വെടി വയ്‌ക്കുമെന്ന് നേരത്തേ വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു.
കര്‍ണാടകയില്‍ നിന്ന് മയക്ക് വെടിവച്ച് പിടികൂടി കാട്ടില്‍ വിട്ട ആനയാണ് ഇന്ന് അജീഷിനെ ചവിട്ടി കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ഏഴര മണിയോടെ ആണ് കർഷകനും ഡ്രൈവറുമായ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്നത്.
ആനയെ കണ്ട അജീഷ് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നലെ എത്തിയ ആന ചവിട്ടികൊല്ലുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. കര്‍ണാടകയില്‍ നിന്നും റേഡിയോ കോളര്‍ ഘടിപ്പിച്ച ബേലൂര്‍ മഗ്ന എന്ന ആനയാണ് ഇന്ന് ഒരാളുടെ ജീവനെടുത്തത്. കഴിഞ്ഞ നവംബർ 30ന് ഹാസന്‍ ഡിവിഷനിലെ ബേലൂരില്‍ നിന്നാണ് ഈ ആനയെ പിടികൂടിയത്. തുടര്‍ന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന മൂലഹള്ളി വന്യജീവി റേഞ്ചില്‍ തുറന്ന് വിടുകയായിരുന്നു.