KeralaNEWS

മാനന്തവാടിയില്‍ മൃതദേഹവുമായി പ്രതിഷേധം; എസ്പിയുടെ വാഹനം തടഞ്ഞു

വയനാട്: റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ വന്‍ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവും ചുമന്നു നാട്ടുകാര്‍ നിരത്തിലിറങ്ങി. മൂവായിരത്തോളം പേരാണ് മാനന്തവാടി ഗാന്ധിജംക്ഷനില്‍ പ്രതിഷേധിക്കുന്നത്. ഗാന്ധിപാര്‍ക്കില്‍ മൃതദേഹം വച്ചു പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം. നഗരം സ്തംഭിച്ച അവസ്ഥയിലാണ്. സംഭവം നടന്നു മണിക്കൂറുകള്‍ പിന്നിട്ടിട്ടും കലക്ടറോ ഡിഎഫ്ഒയോ എത്താത്തതില്‍ പ്രതിഷേധിച്ചാണു മാനന്തവാടി മെഡിക്കല്‍ കോളജില്‍നിന്നു മൃദേഹവുമായി നാട്ടുകാര്‍ നിരത്തിലിറങ്ങിയത്.

മെഡിക്കല്‍ കോളജിലേക്ക് വരുകയായിരുന്ന വയനാട് എസ്പി ടി.നാരായണന്റെ വാഹനം തടഞ്ഞ നാട്ടുകാര്‍ ഗോ ബാക്ക് വിളികള്‍ ഉയര്‍ത്തി. എസ്പിയോടു വാഹനത്തില്‍നിന്ന് ഇറങ്ങി നടന്ന് പോകാന്‍ നാട്ടുകാര്‍ പറഞ്ഞു. വാഹനത്തില്‍നിന്നിറങ്ങിയതിനു പിന്നാലെ എസ്പിക്കു നേരെ പ്രതിഷേധമുയര്‍ന്നു. നിലവില്‍ രണ്ടുസംഘമായാണു പ്രതിഷേധം നടക്കുന്നത്. എസ്പിയെയും പൊലീസുകാരെയും തടഞ്ഞുവച്ചിരിക്കുന്നിടത്ത് ഒരുസംഘവും ഗാന്ധിപ്രതിമയുടെ മുന്നില്‍ മൃതദേഹവുമായി മറ്റൊരു സംഘവും പ്രതിഷേധിക്കുകയാണ്. ആനയെ വെടിവച്ചു കൊല്ലണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. സ്ഥലത്തെത്തിയ കലക്ടറെ തടഞ്ഞു.

Signature-ad

പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിനും ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്നു രാവിലെയാണു കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പനച്ചിയില്‍ അജി (42) കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്. കാട്ടാന ജനവാസമേഖലയില്‍ തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്. നേരത്തെ തണ്ണീര്‍ക്കൊമ്പന്‍ നഗരത്തിലിറങ്ങിയപ്പോഴും മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

 

Back to top button
error: