കണ്ണൂർ: പയ്യന്നൂര്‍ സ്റ്റേഷനില്‍ നിന്നും യാത്ര പുറപ്പെട്ട പാസഞ്ചർ ട്രെയിനില്‍ ഓടിക്കയറവെ വീണ് പരിക്കേറ്റ ഛത്തീസ്ഗഡ് പാര്‍സഭാര്‍ സ്വദേശിയായ റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ ക്ലര്‍ക്ക് കുര്യാക്കോസ് എക്ക (48)യാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണമടഞ്ഞത്.ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. ജോലി കഴിഞ്ഞ് താമസസ്ഥലമായ മംഗലൂരുവിലേക്ക് പോകാന്‍ പാസ്സഞ്ചര്‍ ട്രെയിനില്‍ കയറുന്നതിനിടെയാണ് വീണത്.
ഓടി തുടങ്ങിയ വണ്ടി നിര്‍ത്തിയാണ് വണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ കുര്യാക്കോസിനെ കണ്ണൂര്‍ ഗവ.റെയില്‍വെ പോലീസിലെ സീനിയര്‍ സിപി.ഒ ബിജുവും മറ്റ് റെയില്‍വെ ജീവനക്കാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
കൈ അറ്റ നിലയിലായിരുന്നു, തലക്കും ശരീരത്തിന്റെ ഭാഗങ്ങളിലും പരിക്കുകളുണ്ടായിരുന്നു. ബുധനാഴ്ച്ചപുലര്‍ച്ചെ 12.30നായിരുന്നു അന്ത്യം.