IndiaNEWS

വിജയിക്കുമോ ഇളയ ദളപതിയിയുടെ ഈ രാഷ്ട്രീയവേഷം…? രജനീകാന്തും കമൽ ഹാസനും തോറ്റു പോയ അടർക്കളത്തിൽ വിജയ്  ഉയർന്നു വരുമോ

     അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തുക എന്ന ലക്ഷ്യത്തോടെ തമിഴ് നാട്ടിൽ തന്റെ സ്വന്തം  രാഷ്ട്രീയ പാർട്ടി  പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ  വിജയ്. ‘തമിഴ് വെട്രി കഴക’ എന്നാണ് പാർട്ടിയുടെ പേര്. ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും 2026 ലെ തമിഴ് നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തുകയാണ് തൻ്റെ ലക്ഷ്യമെന്നും നടൻ വ്യക്തമാക്കുന്നു.

ഇളയ ദളപതി വിജയ് യുടെ പുതിയ പാർട്ടി തമിഴ്‌നാട്ടിൽ ക്ലെച്ച് പിടിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. തമിഴിലെ എക്കാലത്തെയും സൂപ്പർ സ്റ്റാറുകളായിരുന്ന കമൽഹാസനും രജനികാന്തും വിജയകാന്തും മറ്റും  പുതിയ പാർട്ടി രൂപികരിച്ച് പരാജയപ്പെട്ടിടത്താണ് വിജയ് യുടെ പരീക്ഷണം എന്നോർക്കണം.  രജനികാന്തും കമൽഹാസനും കഴിഞ്ഞാൽ തമിഴിൽ ഏറ്റവും കൂടുതൽആരാധകർ ഉള്ളത് ഇളയദളപതി വിജയ്ക്ക് തന്നെ പക്ഷേ. ഈ ആരാധകർ മുഴുവൻ വിജയ് യുടെ പാർട്ടിയുടെ വോട്ടായി മാറുമോ എന്നതാണ് നോക്കേണ്ടത്. അതുപോലെ തന്നെ തമിഴ് നാടും അവിടുത്തെ ജനങ്ങളും ഒരുപാട് മാറിയിട്ടുണ്ട്. പണ്ട് സിനിമ നടൻമാരെ തമിഴ് നാട്ടുകാർ ദൈവമായി കണ്ട് ആരാധിച്ചിരുന്നു. ആ കാലത്താണ് എം.ജി.ആറും ജയലളിതയും എല്ലാം പുതിയ പാർട്ടി ഉണ്ടാക്കി രാഷ്ട്രീയത്തിൽ ഉദിച്ചുയർന്നത്. അവരൊക്കെ തമിഴ് നാട്ടിൽ കിരീടം വെയ്ക്കാത്ത രാജാക്കന്മാരായി വാഴുകയും ചെയ്തു.

പക്ഷേ, പിന്നീട് താരാധിപത്യത്തെ തമിഴ്‌നാട്ടുകാർ അത്ര കണ്ട് അംഗീകരിക്കുന്നതായി കണ്ടിട്ടില്ല. എം.ജി.ആർ മരിച്ചപ്പോൾ തമിഴ്‌നാട്ടിൽ ഒരുപാട് പേർ ആത്മഹത്യ ചെയ്തുവെങ്കിൽ ജയലളിത മരിച്ചപ്പോൾ ഒരാൾ പോലും ആത്മഹത്യ ചെയ്തതായി  കേട്ടില്ല. ഇതാണ് തമിഴ്‌നാട്ടിൽ ഉണ്ടായ മാറ്റം. മുൻപ് അണ്ണാ. ഡി.എം.കെ ജാനകി വിഭാഗത്തിൻ്റെ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച നടികൾ തിലകം സാക്ഷാൽ ശിവാജി ഗണേശൻ പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽക്കുന്നതാണ് കണ്ടത്. പിന്നീട് തമിഴ് നാട്ടിൽ കോൺഗ്രസ് പിളർന്ന് തമിഴ് മാനില കോൺഗ്രസ് രൂപീകരിക്കപ്പെട്ടപ്പോൾ അതിൻ്റെ ചുക്കാൻ പിടിച്ചത് സാക്ഷാൽ രജനികാന്ത് ആയിരുന്നു. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. അന്ന് ആ പാർട്ടി യുടെ നേതൃത്വം ഏറ്റെടുത്ത് തമിഴ് സ്റ്റൈൽ മന്നൻ രജനികാന്ത് മുഖ്യമന്ത്രിയാകുമെന്ന് വരെ കരുതിയവർ ഉണ്ട്. പക്ഷേ, പിന്നീട് അദേഹം തമിഴ് മാനില കോൺഗ്രസിനെ വിജയിപ്പിച്ചിട്ട് രാഷ്ട്രീയത്തിൽ നിന്ന് പതിയെ പിന്മാറി. തുടർന്ന് തമിഴ് മാനില കോൺഗ്രസ് മാതൃപാർട്ടിയായ കോൺഗ്രസിൽ ലയിക്കുകയും ചെയ്തു.

കഴിഞ്ഞ നാളിൽ രജനികാന്ത് പുതിയ പാർട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിൽ സജീവമാകുന്നത് കണ്ടെങ്കിലും അത് ജനം കാര്യമായി ഏറ്റെടുക്കാതെ വന്നപ്പോൾ ഇനി താൻ രാഷ്ട്രീയത്തിൽ ഇല്ലെന്ന് പ്രഖ്യാപിക്കുന്ന രജനിയെയാണ് തമിഴകം കണ്ടത്. ഇതുപോലെയാണ് കമൽഹാസൻ്റെ കാര്യവും. അദ്ദേഹവും പുതിയ പാർട്ടി രൂപീകരിച്ച് രംഗത്ത് എത്തിയെങ്കിലും ഉദ്ദേശിച്ച ഫലം തമിഴ് നാട്ടിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല. കമൽ ഹാസൻ്റെ പാർട്ടി സ്വന്തം നിലയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും  ഒരു എം.എൽ.എയെയോ എം.പിയെയോ പോലും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ പാർട്ടിയുടെ പ്രകടനം വളരെ ദയനീയമായിപ്പോയി. രജനീകാന്തും കമൽഹാസനും കൈകോർത്ത് നീങ്ങാൻ നീക്കമുണ്ടായെങ്കിലും അതിനും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല.

ഇനി നടൻ വിജയകാന്തിൻ്റെ കാര്യം  നോക്കാം. അദ്ദേഹവും ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ശേഷം ഒറ്റയ്ക്ക് അല്ല മത്സരിച്ചത്. ജയലളിതയുടെ അണ്ണാ ഡി.എം.കെയുമായി ചേർന്നായിരുന്നു.  ജയലളിതയും വിജയകാന്തും ഒന്നിച്ചു ചേർന്നുള്ള സംഖ്യം കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ യെ പരാജയപ്പെടുത്തി അധികാരത്തിൽ വന്നു. പിന്നീട് വിജയകാന്തിൻ്റെ പാർട്ടി ജയലളിതയുമായി തെറ്റിപ്പിരിഞ്ഞ് പ്രതിപക്ഷത്ത് എത്തി. സഭയിൽ ഡി.എം.കെ യ്ക്ക് അംഗങ്ങൾ ഇല്ലാതിരുന്നതിനാൽ വിജയകാന്ത് പ്രതിപക്ഷ നേതാവ് ആകുകയും ചെയ്തു, പിന്നീട് വിജയകാന്തിൻ്റെ പാർട്ടി തമിഴ് നാട്ടിൽ അസ്തമിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. ഒപ്പം ജയലളിതയുടെ പാർട്ടിയായ അണ്ണാ ഡി.എം.കെ പല കക്ഷണമാവുകയും ചെയ്തു. ഇപ്പോൾ ഡി.എം.കെ ആണ് ഭരിക്കുന്നത്. സ്റ്റാലിൻ മികച്ച മുഖ്യമന്ത്രിയെന്ന നിലയിൽ പേരെടുത്ത് മുന്നേറുകയും ചെയ്യുന്നു.

ജയലളിതയുടെ പാർട്ടിയുടെ നേതൃത്വം നടൻ അജിത് ഏറ്റെടുക്കുമെന്ന് മുൻപ് സൂചനയുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല. ഇനി വിജയ് യുടെ പാർട്ടിക്ക് തമിഴ് നാട്ടിൽ ഡി.എം.കെ യ്ക്ക് എതിരെ ഒരു വെല്ലുവിളി ഉയർത്താൻ പറ്റുമോ എന്നതാണ് ചോദ്യം. ഈ കാലത്ത് അത് എത്രമാത്രം സാധ്യമാകും എന്നതാണ് ശ്രദ്ധിക്കേണ്ടത്. നടൻ എന്ന നിലയിൽ വിജയ് വൻ വിജയം തന്നെയാണ്. അത് രാഷ്ട്രീയത്തിലും പ്രതിഫലിപ്പിക്കാനാവുമോ എന്നതാണ് കണ്ടറിയേണ്ടത്. കാരണം, മാറുന്ന തമിഴ് നാടിനെയും തമിഴ് മക്കളെയുമാണ് ഇപ്പോൾ മൊത്തത്തിൽ കാണാൻ കഴിയുന്നത്.

ഇതിനിടെ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും ചെവി കൊടുക്കാതെ പാർട്ടിയുടെ അടിസ്ഥാനം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് വിജയ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഒരു കോടി അംഗങ്ങളെ പാർട്ടിയിൽ ചേർക്കുക എന്ന ദൗത്യമാണ് അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് നൽകിയിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള നൂതന സങ്കേതങ്ങൾ ഉപയോഗിച്ചാണ് ആദ്യഘട്ടം മുതൽ തന്നെ തമിഴക വെട്രി കഴകത്തിൻ്റെ പ്രവർത്തനം. ‘വിജയ് മക്കൾ ഇയക്ക’ത്തിൻ്റെ പ്രവർത്തകരിൽ ഭൂരിഭാഗവും പാർട്ടി അംഗങ്ങളായി കഴിഞ്ഞു.
യുവതലമുറയെ ലക്ഷ്യം വച്ചാണ് വിജയുടെ പ്രാഥമിക പ്രവർത്തനങ്ങൾ.
വരും ദിവസങ്ങളിൽ പ്രവർത്തകരുടെ യോഗങ്ങൾ ചേർന്ന് സംസ്ഥാന സമിതിയ്ക്കും ജില്ലാ ഘടകങ്ങൾക്കുമൊക്കെ രൂപം നൽകും

Back to top button
error: