KeralaNEWS

തൃശൂർ സാമ്പത്തിക തട്ടിപ്പുകാരുടെ തലസ്ഥാനം: പ്രതാപൻ- ശ്രീന ദമ്പതിമാരുടെ ‘ഹൈറിച്ച്’, അനില്‍- സുനില്‍ സഹോദരന്മാരുടെ ‘പൂരം ഫിന്‍സെര്‍വ്,’ പ്രവീൺ റാണയുടെ ‘സേഫ് ആൻഡ് സ്ട്രോങ്…’ ലിസ്റ്റ് അവസാനിക്കുന്നില്ല

     ഇന്നലെ കേട്ട വാർത്ത തൃശൂരിലെ ധനകാര്യ സ്ഥാപനമായ ‘ഹിവാന്‍സി’ലെ നിക്ഷേപകര്‍ സ്ഥാപനത്തിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി എന്നാണ്. കോണ്‍ഗ്രസ് നേതാവ് സി.എസ് ശ്രീനിവാസൻ മാനേജിങ് ഡയറക്ടറായ ‘ഹിവാന്‍സ്’ കമ്പനിയിൽ നിക്ഷേപിച്ച പണം തിരികെ തരുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം.

തൃശൂർ സാമ്പത്തിക തട്ടിപ്പുകാരുടെ തലസ്ഥാനമായി മാറിയിരിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് നിക്ഷേപകരുടെ കോടികളുമായി മുങ്ങിയിരിക്കുന്നത്.

    2300 കോടിയിലേറെ രൂപ തട്ടിയ ‘ഹൈറിച്ച്’ കമ്പനി ഉടമകൾ, തങ്ങൾക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചു. ഒളിവിൽ കഴിയുന്ന കമ്പനി മാനേജിങ് ഡയറക്ടർ കെ.ഡി പ്രതാപനും, ഭാര്യയും സി.ഇ.ഒയുമായ ശ്രീന എന്നിവർ പറയുന്നത് സാങ്കല്പികമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത് എന്നാണ്.

പ്രതികൾ ആദ്യം അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകുകയാണ്​ വേണ്ടതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ കീഴടങ്ങിയാൽ അറസ്​റ്റ്​ ചെയ്യില്ലെന്ന്​ ഇപ്പോൾ ഉറപ്പ്​ നൽകാൻ കഴിയില്ലെന്നാണ് ഇ.ഡി നേരത്തെ പറഞ്ഞത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് 12 ന് ഹർജി പരിഗണിക്കും.

    തൃശൂരിലെ മറ്റൊരു തട്ടിപ്പ് സ്ഥാപനമാണ് പ്രവീൺ റാണയുടെ സേഫ് ആൻഡ് സ്ട്രോങ്. 150 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ലൈസൻസ് ഇല്ലാത്ത നിധി കമ്പനിയുടെ മറവിലൂടെ കോടികളുടെ വിനിമയങ്ങൾ നടത്തിയത് കള്ളപ്പണ ഇടപാടാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് അകത്തും പുറത്തും വാങ്ങി കൂട്ടിയിട്ടുള്ള ഭൂമികളുടെയും വിവിധയിടങ്ങളിൽ വൻ നിക്ഷേപങ്ങളുള്ളതിന്റെയും രേഖകൾ പൊലീസിനു ലഭിച്ചിരുന്നു.

    തൃശൂരിൽ പ്രവർത്തിച്ചിരുന്ന  പൂരം ഫിന്‍സെര്‍വ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ബഡ്സ് ആക്ട് പ്രകാരമാണ് നടപടി.പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് 200 കോടിയിലേറെ സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ബഡ്സ് ആക്ട് പ്രകാരം സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള കളക്ടറുടെ ഉത്തരവ്. സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മാരായ അനില്‍, സുനില്‍ എന്നീ സഹോദരന്മാരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്യുന്നത്.

പത്തും ഇരുപതും ലക്ഷം നിക്ഷേപിച്ച 3000ലേറെ ആളുകള്‍ക്ക് പണം കിട്ടാനുണ്ടെന്നാണ് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നത്. പലരും മക്കളുടെ വിവാഹ, പഠന ആവശ്യങ്ങള്‍ക്കു കരുതിയിരുന്ന പണമായിരുന്നു.

തൃശൂര്‍ ഈസ്റ്റ് പൊലീസ് ഡയറക്ടര്‍മാരെ പ്രതിയാക്കി വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണത്രേ. നിക്ഷേപതുക തിരിച്ചു നൽകാത്ത ഡയറക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇടപാടുകാർ മുഖ്യമന്ത്രിയ്ക്കും ജില്ലാ കലക്ടർക്കും പരാതികൾ നൽകിയിട്ടുണ്ട്. എന്നാല്‍ പൂരം ഫിന്‍സെര്‍വിന്‍റെ ഭാഗമായിരുന്ന ചിലരാണ് പരാതിക്ക് പിന്നിലെന്നാണ് ഡയറക്ടര്‍ അനില്‍ കുമാര്‍ പ്രതികരിച്ചത്. നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും പൂരം ഫിന്‍സെര്‍വ്വ് പറയുന്നു.

Back to top button
error: