IndiaNEWS

ബാബരി ഊതിക്കത്തിച്ചവര്‍ക്ക് താല്പര്യം പള്ളി നിര്‍മ്മാണത്തിലല്ല, ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കാനായിരുന്നു: ഹാജി അറഫാത്ത് ഷെയ്ഖ് 

ലക്നൗ: നാലു വര്‍ഷമായി ബാബരി പള്ളിയെക്കുറിച്ച് ഒരു മാത്ര പോലും ചിന്തിക്കാത്തവര്‍ റാം ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു ശേഷമാണ് ‘ബാബരി ബാബരി’ എന്ന് മന്ത്രിയ്ക്കാൻ തുടങ്ങിയിരിക്കുന്നതെന്ന് ബിജെപി നേതാവായ ഹാജി അറഫാത്ത് ഷെയ്ഖ്.
രാജ്യം രാമമന്ത്രത്താല്‍ മുഖരിതമായപ്പോഴാണ് വിവാദം ഉണ്ടാക്കാനുള്ള നീക്കം നടന്നത്.ഇവരുടെ ലക്ഷ്യം പള്ളി നിര്‍മ്മാണത്തിലല്ല, ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കുക എന്നുള്ളതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  പള്ളി പണിയാന്‍ അനുവദിച്ചു കിട്ടിയ സ്ഥലത്ത് വലിയൊരു പള്ളിയുണ്ടാക്കാന്‍ ഇവരുടെ ഭാഗത്ത് നിന്ന് ഒരു നീക്കവുമില്ല. സുപ്രീം കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് ദീനി പൂരിലാണ് അഞ്ച് ഏക്കര്‍ സ്ഥലം പള്ളിക്ക് അനുവദിച്ചു കിട്ടിയത്. ഒരു മുസ്ലീം ഫക്കീറായ ഷര്‍ദ്ദാബാബയുടെ ഉറുസ് മേള നടക്കുന്ന സ്ഥലമാണ് പള്ളിക്ക് കിട്ടിയത്. പള്ളി പണിയാന്‍ ചുമതലപ്പെടുത്തിയത് സുന്നി വഖഫ് ബോര്‍ഡിനെയാണ്.
ഇത്രയും അനുകൂല ഘടകങ്ങളുണ്ടായിട്ടും പണി തുടങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല. സാധാരണ മുസ്ലിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു താല്പര്യവുമില്ല. അതുകൊണ്ടു ഫണ്ട് വരുന്നില്ല. 50 ലക്ഷം പോലും കിട്ടാത്ത സ്ഥിതി. ബാബരി ഊതിക്കത്തിച്ചവര്‍ക്ക് താല്പര്യം പള്ളി നിര്‍മ്മാണത്തിലല്ല, ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കാനായിരുന്നു. കലാപമുണ്ടാക്കാന്‍ ഫണ്ടിറക്കുന്ന ഇസ്ലാമിസ്റ്റുകള്‍ക്കും പുതിയ പള്ളിയില്‍ താല്‍പര്യമില്ല. രാമക്ഷേത്രമുയര്‍ന്നപ്പോഴാണ് പള്ളിയെക്കുറിച്ചു അവരൊക്കെ ചിന്തിച്ചു തുടങ്ങിയത്. പള്ളിക്ക് ബാബറുടെ പേരു വേണമെന്നു ചിലര്‍. മുഹമ്മദ് ബിന്‍ അബ്ദുല്ല എന്നു മതി എന്ന പക്ഷം വേറെ. രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നപ്പോഴുള്ള ഈ ആവേശം എത്ര കാലത്തേക്ക് എന്നും കണ്ടറിയണം. ബാബരി പള്ളി എന്ന പേരില്‍ ദശാബ്ദങ്ങളോളം മതസ്പര്‍ദ്ധയുണ്ടാക്കിയത് പള്ളിയോടുള്ള സ്‌നേഹം കൊണ്ടല്ല എന്നാണ് മനസ്സിലാക്കുന്നത് – ഹാജി അറഫാത്ത് ഷെയ്ഖ് പറഞ്ഞു.

Back to top button
error: