CrimeNEWS

സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് 21 ലക്ഷം തട്ടി; കമ്മിഷണര്‍ ഓഫീസ് ജീവനക്കാരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് 21 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ കമ്മിഷണര്‍ ഓഫീസ് ജീവനക്കാരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കമ്മീഷണര്‍ ഓഫീസില്‍ പ്യൂണ്‍ ആയി ജോലിചെയ്യുന്ന കക്കോടി സ്വദേശി പുതുക്കുടി വീട്ടില്‍ പി. ബിപിന്‍, കക്കോടി സ്വദേശിയായ മീരാലയം വീട്ടില്‍ മിഥുന്‍, കക്കോടി സ്വദേശി മലയില്‍ വീട്ടില്‍ രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

സ്വര്‍ണപണയം ടേക്ക് ഓവര്‍ ചെയ്യാനെന്ന വ്യാജേന ബിപിന്‍ പാളയത്തെ സ്വകാര്യ ബാങ്കില്‍നിന്ന് പണം വാങ്ങി മുങ്ങുകയായിരുന്നു. ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കസബ പോലീസ് ആണ് ഇയാളെ പിടികൂടിയത്.

Signature-ad

2023 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പാളയം ഭാഗത്തുള്ള ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് സ്വര്‍ണപണയം ടേക്ക് ഓവര്‍ ചെയ്യാനെന്ന വ്യാജേന അനുബന്ധ രേഖകള്‍ നല്‍കി 21 ലക്ഷത്തോളം രൂപ വാങ്ങി ബാങ്കിനെ കബളിപ്പിച്ചു മുങ്ങുകയായിരുന്നു.

പോലീസ് അന്വേഷണത്തില്‍ ബിപിന്‍ അടക്കം മൂന്നുപേരടങ്ങുന്ന സംഘമാണ് തട്ടിപ്പിനു പിന്നിലെന്നും പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലടക്കം ഇവര്‍ക്കെതിരേ വഞ്ചനാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വ്യക്തമായി. ഒട്ടേറെ ആളുകളും ധനകാര്യ സ്ഥാപനങ്ങളും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. താന്‍ കമ്മിഷണര്‍ ഓഫീസിലെ പോലീസുകാരനാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് വകുപ്പുതല നടപടിയും എടുത്തിട്ടുണ്ട്. പ്രതികള്‍ നിലവില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.

Back to top button
error: