കോഴിക്കോട്: അനുദിനം വളരുന്ന കോഴിക്കോടിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി മെട്രോ റെയിൽ വരുന്നു.ആദ്യഘട്ടത്തിൽ 27.1 കിലോമീറ്റർ ദൂരമുള്ള രണ്ട് കോറിഡോറുകളാണ് പരിഗണിക്കുന്നത്.
തെക്കുവടക്ക് ദിശയിൽ വെസ്റ്റ്ഹിൽ-നടക്കാവ്-മീഞ്ചന്ത- ചെറുവണ്ണൂർ-രാമനാട്ടുകര റൂട്ടിലാണ് ആദ്യ കോറിഡോർ. കിഴക്കുപടിഞ്ഞാറ് ദിശയിൽ മെഡിക്കൽ കോളജ്-തൊണ്ടയാട്-കോഴിക്കോട് ബീച്ച്റൂട്ടിലാണ് രണ്ടാമത്തെ കോറിഡോർ. വെസ്റ്റ്ഹിൽ-രാമനാട്ടുകര കോറിഡോറിന് 19 കിലോമീറ്ററും മെഡിക്കൽ കോളേജ്- ബീച്ച് കോറിഡോറിന് 8.1 കിലോമീറ്ററുമാണ് ദൈർഘ്യം.
ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് രണ്ട് കോറിഡോറുകൾ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. കോഴിക്കോട് സമഗ്ര മൊബിലിറ്റി പ്ലാൻ കരട് റിപ്പോർട്ടിന്റെ ഭാഗമായി നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരട് നിർദ്ദേശം കോർപ്പറേഷനിൽ ചർച്ച ചെയ്ത് പാസാക്കിയ ശേഷം സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനും തുടർന്ന് കേന്ദ്ര അംഗീകാരത്തിനും സമർപ്പിക്കും.
കോഴിക്കോട് സിറ്റി മാസ്റ്റർ പ്ലാൻ, സമഗ്ര മൊബൈലിറ്റി പ്ലാൻ എന്നിവയുമായി ഏകോപിപ്പിച്ചായിരിക്കും മെട്രോ പദ്ധതിയെന്ന് യോഗത്തിൽ പങ്കെടുത്ത കൊച്ചി മെട്രോറെയിൽ ലിമിറ്റഡ് എം.ഡി. ലോക്നാഥ് ബെഹ്റ പറഞ്ഞു. തൂണുകളിലാണ് (എലിവേറ്റഡ്) മെട്രോ വരുന്നതെങ്കിൽ സ്റ്റേഷനുകൾ നിർമ്മിക്കാനായിരിക്കും പ്രധാനമായും സ്ഥലം ഏറ്റടുക്കേണ്ടി വരികയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.