CrimeNEWS

ഒരു മാസം മുന്‍പ് ‘അപ്രത്യക്ഷനായ’യാള്‍ വീട്ടില്‍ മരിച്ച നിലയില്‍; സംഭവം കോന്നിയില്‍

പത്തനംതിട്ട: മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കോന്നിയിലാണ് സംഭവം. വെള്ളപ്പാറ സ്വദേശി ജയപ്രസാദാണ് (52) മരിച്ചത്. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ടെന്നാണ് അനുമാനം. ഒരു മാസത്തോളമായി ജയപ്രസാദിനെ കാണാനില്ലെന്നു വ്യക്തമാക്കി ഭാര്യ കോന്നി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ജയപ്രസാദും ഭാര്യയും കുറച്ചു നാളായി അകന്നാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ, ജയപ്രസാദ് താമസിച്ചിരുന്ന വീട്ടില്‍ ഭാര്യ എത്തിയപ്പോഴാണ് അകത്തുനിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അവര്‍ ഇക്കാര്യം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി വീടു തുറന്നു നോക്കിയപ്പോഴാണ് ജയപ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Signature-ad

അസുഖബാധിതനായ ജയപ്രസാദ് ഒരു മാസം മുന്‍പ് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയിരുന്നു. അന്നു കൂടെ നില്‍ക്കാന്‍ ആളു വേണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഭാര്യയെ വിളിച്ചിരുന്നു. അതിനു ശേഷമാണ് ജയപ്രസാദിനെ കാണാതായത്. യാതൊരു വിവരവും ലഭിക്കാതായതോടെയാണു പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ മരണ കാരണം കണ്ടെത്താനാകൂ എന്നാണ് പൊലീസിന്റെ ഭാഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: