കാസർകോട് റെയിൽവേ സ്റ്റേഷന് സമീപം റെയിൽ പാളത്തിൽ രണ്ട് യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളത്ത് ഇന്ന് (ചൊവ്വ) രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ് സാഹിർ (19), നിഹാൽ (19) എന്നിവരാണ് മരിച്ചത്. നേരത്തെ മോഷണക്കേസുകളിൽ പ്രതികളായിരുന്നു ഇരുവരും. ഇവർ മോഷ്ടിച്ചതായി കരുതുന്ന 4 മൊബൈൽ ഫോണുകളും അപകട സ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മൊബൈൽ ഫോണുകൾ റെയിൽവേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്നാണ് പൊലീസ് നിഗമനം. .
ഒരാളുടെ മൃതദേഹം റെയിൽ പാളത്തിന്റെ മധ്യത്തിലായാണ് കണ്ടെത്തിയത്. സമീപത്ത് രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരാളുടെ മൃതദേഹം കുറച്ച് അകലെ റെയിൽ പാളത്തോട് ചേർന്ന് കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു. വിവരം അറിഞ്ഞ് കാസർകോട് ടൗൺ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതിനിടെ തന്റെ മൊബൈൽ ഫോൺ കാണാതായതായി തമിഴ് നാട് സ്വദേശിയായ ഒരാൾ പൊലീസിൽ പരാതി നൽകാനെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കാണാതായ ഈ മൊബൈൽ ഫോൺ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇതാണ് മരിച്ചവരെ തിരിച്ചറിയാൻ ലഭിച്ച സൂചന.