ലൂണയ്ക്ക് പകരക്കാരനായി ലിത്വാനിയൻ നായകനെ തന്നെ ടീമിലെത്തിച്ചെന്ന സന്തോഷ വാർത്തയ്ക്ക് പിന്നാലെയാണ് പെപ്രയുടെ രൂപത്തില്‍ ദൗർഭാഗ്യം ടീമിനെ പിന്തുടർന്നത്.സൂപ്പർ കപ്പിലേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. സൂപ്പർ കപ്പിലടക്കം നാല് ഗോളൂകൾ നേടിയ താരം ഉജ്ജ്വല ഫോമിലാണ് കളിച്ചുകൊണ്ടിരുന്നത്.
ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണില്‍ ടീമിനൊപ്പം കളിച്ചിരുന്ന നൈജീരിയൻ താരത്തെ തിരിച്ചുവിളിച്ചിരിക്കുകയാണ് ടീം മാനേജ്മെന്റ്. ഗോകുലം കേരളയില്‍ ലോൺ അടിസ്ഥാനത്തിൽ കളിക്കാൻ വിട്ടിരുന്ന താരത്തെയാണ് കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചത്.
നൈജീരിയൻ യുവതാരം ജസ്റ്റിൻ ഇമ്മാനുവലാണ് മഞ്ഞപ്പടയ്ക്കൊപ്പം പരിശീലനം പുനരാരംഭിച്ചത്. പ്രീ സീസണില്‍ തന്നെ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ച് കൂട്ടിയ താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷയേകുന്നതാണെങ്കിലൂം പെപ്രയ്ക്ക് പകരക്കാരനാകുമോ എന്ന കാര്യത്തിൽ സംശയമാണ്.
ജസ്റ്റിന് കൂടുതല്‍ മത്സര പരിചയം ലഭിക്കാനാണ് താരത്തെ ഗോകുലത്തിനൊപ്പം വിട്ടിരുന്നത്.പരിക്ക് വലയ്ക്കുന്ന സാഹചര്യത്തില്‍ ടീം നിലവിൽ പ്രതിസന്ധി നേരിടുകയാണെങ്കിലും രണ്ട് സ്ട്രൈക്കർമാർ തിരിച്ചെത്തിയത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഒപ്പം ദിമിത്രിയോസ് ഡയമന്റക്കോസ് കൂടി ചേരുമ്പോൾ ടീം ത്രിപ്പിൾ എഞ്ചിൻ കരുത്ത് നേടുമെന്നുതന്നെയാണ് ആരാധകരുടെ വിശ്വാസം.
സൂപ്പർകപ്പിലെ അപ്രതീക്ഷിത തോല്‍വിയും പ്രധാന താരങ്ങളുടെ പരിക്കിലും വലയുന്ന ബ്ലാസ്റ്റേഴ്‌സിന് ഇരുവരും ആശ്വാസമാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ലിത്വാനിയൻ ദേശീയ ടീമിനെ നയിച്ചും യൂറോപ്പിലെ വിവിധ ടീമുകളില്‍ കളിച്ചും പരിചയസമ്ബത്ത് ആവോളമുള്ള സെർനിച്ച്, കൊച്ചിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിശ്വസിക്കാനാണ് ആരാധകക്ക് ഇഷ്ടം. സൈപ്രസ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ എഇഎല്‍ ലിമസോളില്‍ നിന്നാണ് സെർനിച്ച് ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്. അറ്റാക്കിങില്‍ പല പൊസിഷനുകളിലും കഴിവ് തെളിയിച്ച താരം ലിത്വാനിയക്കായി 82 മത്സരങ്ങളോളം കളിച്ചിട്ടുണ്ട്.
ഏഷ്യൻകപ്പ് ഉള്‍പ്പെടെയുള്ള മത്സരങ്ങളുടെ ഇടവേളക്ക് പിരിഞ്ഞ ഐ.എഎസ്.എല്‍, രണ്ടാം ഘട്ടം ഫെബ്രുവരിയിലാണ് പുനരാരംഭിക്കുന്നത്. ഫെബ്രവരി ഒന്നിന് ഹൈദരാബാദ് എഫ്.സിയും എഫ്.സി ഗോവയും തമ്മിലാണ് ആദ്യ മത്സരം. ഫെബ്രുവരി രണ്ടിനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. ഒഡീഷ എഫ്.സിയാണ് എതിരാളികള്‍. ബ്ലാസ്റ്റേഴ്‌സിനിത് എവെ മത്സരമാണ്.
ഫെബ്രുവരി 25നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മത്സരം. എഫ്.സി ഗോവയാണ് കൊച്ചിയിലേക്ക് വരുന്നത്. മഞ്ഞക്കടലിന് നടുവിലാണോ അതോ ഭുവനേശ്വറിലാണോ സെർനിച്ച് മഞ്ഞക്കുപ്പായത്തില്‍ അവതരിക്കുക എന്നൊന്നും ഇപ്പോള്‍ വ്യക്തമല്ല. നിലവില്‍ 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സാണ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ബ്ലാസ്‌റ്റേഴ്‌സിനെക്കാള്‍ രണ്ട് മത്സരങ്ങള്‍ കുറച്ച് കളിച്ച ഗോവ, 24 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഉണ്ട്. ഒഡീഷ എഫ്.സിയാണ് മൂന്നം സ്ഥാനത്ത്.