1948 ജനുവരി 30… നാഥുറാം ഗോഡ്സെ എന്ന മതഭ്രാന്തന്റെ വെടിയേറ്റ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി കൊല്ലപ്പെട്ട ദിനം.
ഇന്ത്യാ മഹാരാജ്യത്തിന്റെ തണൽ മരത്തെയാണ് അന്ന് വേരറുത്തു വീഴ്ത്തിയത്. ഡെൽഹിയിലെ ബിർളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ വച്ച്, കയ്യെത്തും ദൂരത്താണ് ഗോഡ്‌സേ ആ കൊലപാതകം ചെയ്തത്. ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയം തകർത്ത സംഭവമായിരുന്നു അത്.
ഗാന്ധിജിയുടെ മരണശേഷം എ.ഐ.ആറിലൂടെ നടത്തിയ പ്രസംഗത്തിൽ വികാര നിർഭരമായ വാക്കുകളിൽ ജവഹർലാൽ നെഹ്രു പറഞ്ഞു:
“നമ്മുടെ ജീവിതങ്ങളിൽ നിന്നും പ്രകാശം നിഷ്ക്രമിച്ചിരിക്കുന്നു. സർവ്വവും അന്ധകാരം നിറഞ്ഞിരിക്കുന്നു. നാം ബാപ്പു എന്ന് വിളിക്കുന്ന നമ്മുടെ പ്രിയനേതാവ്, രാഷ്ട്രത്തിന്റെ പിതാവ് ഇല്ലാതായിരിക്കുന്നു…”
ഗാന്ധിജിയുടെ മരണം ഇന്ത്യയെ മാത്രമല്ല ലോകം മൊത്തം ചലനമുണ്ടാക്കി.
”മനുഷ്യ സാഹോദര്യത്തിൽ വിശ്വസിക്കുന്നവരെല്ലാം ഗാന്ധിജിയുടെ മരണത്തിൽ വിലപിക്കും”
ഫ്രാൻസിന്റെ പ്രധാനമന്ത്രി ജോർജസ് ബിധാർ അഭിപ്രായപ്പെട്ടു. മുഹമ്മദ് അലി ജിന്ന ഗാന്ധിജിയുടെ മുഖ്യ രാഷ്ട്രീയ പ്രതിയോഗിയായിരുന്നു. അദ്ദേഹം ഗാന്ധിജിയുടെ മരണ സന്ദേശം അറിയിച്ചത് ഇങ്ങനെയായിരുന്നു:
‘മരണത്തിന്റെ മുന്നിൽ ഒരഭിപ്രായവ്യത്യാസവുമില്ല.’
അങ്ങനെ നിരവധിയാളുകൾ ലോകമെമ്പാടും നിന്ന് നമ്മുടെ പ്രിയ രാഷ്ട്ര പിതാവിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു.
വെടികൊണ്ടു വീണ പൂന്തോട്ടത്തിൽ നിന്ന് ഗാന്ധിജിയുടെ മൃതദേഹം ബിർളാഹൗസിലേയ്ക്ക് മാറ്റി. അവിടെനിന്നും വിലാപയാത്രയായി യമുനാ നദിയുടെ തീരത്തെ ശ്മശാനമായ രാജ്‌ഘട്ടിലേയ്ക്ക് കൊണ്ടുപോയി.
250 പേരടങ്ങുന്ന, കര-കടൽ-വ്യോമ സൈനികരുടെ ഒരു സംഘമാണ് മൃതദേഹം വഹിച്ചുകൊണ്ട് പോയത്. പത്ത് ലക്ഷത്തോളം പേർ പങ്കെടുത്ത വിലാപയാത്ര ലക്ഷ്യസ്ഥാനത്ത് എത്താൻ അഞ്ച് മണിക്കൂറെടുത്തു. ഇതിൽ നിന്നു തന്നെ ഇന്ത്യയുടെ ഹൃദയത്തിൽ ഗാന്ധിജിക്കുള്ള സ്ഥാനം വ്യക്തം.
ഇന്ത്യൻ സ്വാതന്ത്ര സമര പ്രസ്ഥാനത്തിന്റെ മുഖ്യ നേതാവും കരുത്തുറ്റ വഴികാട്ടിയുമായിരുന്നു ഗാന്ധിജി. അഹിംസയിലൂന്നിയ സത്യാഗ്രഹ സിദ്ധാന്തം ലോകമെങ്ങും പ്രശസ്തിയാർജിക്കപ്പെട്ടു. അഹിംസയും സത്യസന്ധതയും മരിക്കുവോളം അദ്ദേഹം മുറുകെ പിടിച്ചു. ആ മരണം ഇന്ത്യയെ ആഴത്തിൽ തളർത്തുകയുണ്ടായി. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു.
എല്ലാ വിധത്തിലും സ്വാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു, ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി മാറ്റി.
1893 മുതൽ 1948 വരെയുള്ള കാലഘട്ടം ഗാന്ധിജി ഇന്ത്യക്ക് വേണ്ടി ജീവിച്ചു. അദ്ദേഹത്തിന്റെ ‘എന്റെ സത്യാന്വേഷണ പരീക്ഷണം’ എന്ന കൃതി ലോകമെമ്പാടും അറിയപ്പെട്ടു. ഒടുവിൽ 1948 ജനുവരി 30ന് നാഥുറാം ഗോഡ്സെ എന്ന മതഭ്രാന്തന്റെ വെടിയേറ്റ് ‘ഇന്ത്യയുടെ ആത്മാവ്’ പൊലിഞ്ഞു പോയി. ഗാന്ധിജി എന്ന വ്യക്തിത്വം ഇപ്പോൾ ഇന്ത്യൻ ജനതക്കൊപ്പം ഇല്ലെങ്കിലും ആ വെളിച്ചം ഇന്നും മായാതെ നിലനിൽക്കുന്നു.