ന്യൂഡൽഹി: ഡല്‍ഹിയിലെ കല്‍കാജി ക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നിർമിച്ച വേദി തകർന്നു വീണ് ഒരു സ്ത്രീ മരിച്ചു.
അപകടത്തില്‍ 17 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മരണപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ക്ഷേത്രത്തില്‍ ശനിയാഴ്ച നടത്തിയ ജാഗ്രണ്‍ എന്ന ചടങ്ങില്‍ 1600 പേർ പങ്കെടുത്തിരുന്നുവെന്ന് പൊലീസ് പറയുന്നു. പരിപാടി സംഘടിപ്പിക്കുന്നതിനായി മുൻകൂട്ടി അനുവാദം നേടിയിരുന്നില്ല എന്നും പോലീസ് പറഞ്ഞു.
പ്രധാന സ്റ്റേജിനോട് ചേർന്നായി വിഐപികള്‍ക്കും ക്ഷേത്ര ഭരമസമിതി അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ഇരിക്കുന്നതിനായി പ്രത്യേക സ്റ്റേജ് നിർമിച്ചിരുന്നു. ഭാരം കൂടിയതോടെ ഈ സ്റ്റേജ് തകർന്നു വീഴുകയായിരുന്നു.
സ്റ്റേജിനു താഴെ ഇരുന്നിരുന്നവർക്കാണ് പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്സവത്തിന്‍റെ സംഘാടകർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.