കേരളത്തെ ഞെട്ടിച്ച ‘കൂടത്തായി’ കൊലപാതക പരമ്പരയെ ആസ്പദമാക്കി കഴിഞ്ഞ ഡിസംബർ 22 ന് നെറ്റ്ഫ്ളിക്സ് പ്രദർശിപ്പിച്ച ഡോക്യു സീരീസിൻ്റെ തുടർപ്രദർശനം തടയണം എന്നാവശ്യപ്പെട്ട് കേസിലെ പ്രതി എംഎസ് മാത്യു സമർപ്പിച്ച ഹർജി ഇന്ന് കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും. കേസിലെ യഥാർത്ഥ ദൃശ്യങ്ങളും അഭിമുഖങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് ‘കറി ആൻഡ് സയനേഡ്: ദ ജോളി ജോസഫ് കേസ് ‘ എന്ന സീരീസ് തയ്യാറാക്കിയത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ സ്ട്രീമിംഗ് നടത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നതിനിടെയാണ് ഇതിനെതിരെ ഹർജിയുമായി രംഗത്തെത്തിയത്.
കേസിലെ രണ്ടാംപ്രതിയാണ് എം.എസ് മാത്യു. കൂടത്തായി കേസ് സംബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ചാനലുകളും തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടത്തായി കൊലപാതകങ്ങളെ കുറിച്ചുള്ള കേസിന്റെ വിചാരണ നടക്കുന്ന കോഴിക്കോട്ടെ പ്രത്യേക കോടതിയില്‍ ഈ മാസം 19നാണ് പരമ്പരക്കെതിരെ ഹര്‍ജി നല്‍കിയത്.
തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഡോക്യുമെന്ററിയിലുണ്ടെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം ഇതെക്കുറിച്ച് തെറ്റായ വാര്‍ത്ത കൊടുക്കുന്നുണ്ടെന്നും ഹര്‍ജിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംപ്രേഷണം വിലക്കണമെന്നാണ് മാത്യുവിന്റെ ആവശ്യം.
ഹര്‍ജിയില്‍ കോടതി പ്രോസിക്യൂഷന്റെ മറുപടി തേടിയിരുന്നു. ഹ്രസ്വചിത്ര പ്രദര്‍ശനം കേസിന്റെ ഗതിയെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതിന്മേല്‍ വ്യക്തത വരുത്തിയാവും കോടതി നിലപാടെടുക്കുക.
ചികിത്സയ്ക്കായി തനിയ്ക്ക് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ജോളി ജോസഫ് സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. ജോളി ജോസഫ് ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നേരത്തെ കേസിൽ വിചാരണ മാറ്റിവച്ചിരുന്നു.
എന്താണ് കൂടത്തായി കേസ്?
കോഴിക്കോട് ജില്ലയിൽ കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് കേസ്. 2019 ഒക്ടോബർ 4നാണ്, 2002 മുതൽ 2016 വരെ ഒരേ കുടുംബത്തിൽ നടന്ന ആറു പേരുടെ മരണവും കൊലപാതകമായിരുന്നു എന്ന വസ്തുത പുറത്തറിയുന്നത്. റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട.അധ്യാപിക അന്നമ്മ തോമസ് (60), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.
ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ റോജോ തോമസ് 2019 ജൂലൈയിലാണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകുന്നത്. എന്നാൽ സ്വത്തുതർക്കമെന്ന നിഗമനത്തിൽ അന്വേഷണം മുന്നോട്ടുപോയില്ല. ഇതിനിടെ കെ.ജി സൈമൺ റൂറൽ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തു. പരാതി വീണ്ടും അദ്ദേഹത്തിന്റെ മുന്നിലെത്തി. സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.
ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു ജീവൻ ജോർജിന്റെ അന്വേഷണ റിപ്പോർട്ട്. ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് സെമിത്തേരിയിലെ കല്ലറ തുറക്കാൻ തീരുമാനിച്ചത്.
കല്ലറകൾ നീക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജോളിക്ക് പിന്നാലെ ഇവർക്കു സയനൈഡ് എത്തിച്ചു നൽകിയ ബന്ധു മഞ്ചാടിയിൽ എം.എസ് മാത്യു, സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരെയും അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട സിലിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്നു ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. സയനൈഡ് ഉള്ളിൽ ചെന്നാണ് റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. മറ്റ് അഞ്ച് കൊലപാതകങ്ങളിലും ജോളി തന്റെ സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്മോർട്ടം നടത്താതെ സംസ്‌കരിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.