തിരുവനന്തപുരം: ഇന്ത്യയിലെ വന്ദേ ഭാരത് ട്രെയിൻ യാത്രയില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച് കേരളം. രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാർ തിരുവനന്തപുരം-കാസർഗോഡ് റൂട്ടിൽ.
ഒക്യുപെൻസി റേറ്റ് പ്രകാരം, 193 ശതമാനം പേരാണ് തിരുവനന്തപുരം-കാസർഗോഡ് റൂട്ടില്‍ യാത്ര ചെയ്യുന്നത്. കേരളം കഴിഞ്ഞാല്‍ ഡല്‍ഹി-വാരണാസി, ഡല്‍ഹി-കത്ര റൂട്ടുകളിലാണ് കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നത്. ഈ റൂട്ടുകളിലെ ഒക്യുപെൻസി റേറ്റ് 120 ശതമാനമാണ്.
ചെന്നൈ-തിരുനെല്‍വേലി റൂട്ടില്‍ 119 ശതമാനവും, മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ 114 ശതമാനവും, സെക്കന്ദരാബാദ്-വിശാഖപട്ടണം റൂട്ടില്‍ 110 ശതമാനം യാത്രക്കാരുമാണ് ഉള്ളത്. യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ മംഗളൂരു-ഗോവ വന്ദേ ഭാരതാണ്. ഈ റൂട്ടില്‍ 50 ശതമാനം യാത്രക്കാർ മാത്രമാണ് സഞ്ചരിക്കുന്നത്.
നിലവില്‍, രാജ്യത്ത് 41 വന്ദേ ഭാരത് എക്സ്പ്രസുകളാണ് സർവീസ് നടത്തുന്നത്. ഇതില്‍ രണ്ടെണ്ണം തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലാണ്.