Social MediaTRENDING

ഇസ്രായേൽ രാജാവിനെ വരെ വീഴ്ത്തിയ സൗന്ദര്യം; പോകാം പൂവാറിലേക്ക് !

തിരുവനന്തപുരം:തിരുവനന്തപുരത്തിൻ്റെ തെക്കേയറ്റത്തുളള സ്​ഥലമാണ് പൂവാർ.പൂവാറിൽ നിന്നും  കുറച്ചു കൂടി യാത്ര ചെയ്താൽ തമിഴ്നാടായി.
വിഴിഞ്ഞം തുറമുഖത്തിന് വളരെ അടുത്തായി സ്​ഥിതി ചെയ്യുന്ന പൂവാർ,  നയനമനോഹരമായ കാഴ്ചകളുടെ ഒരു മനോഹര തീരം കൂടിയാണ്.മനോഹരമായ പൊഴിമുഖം, അഗാധമായ അറേബ്യൻ  കടൽ, തെങ്ങിൻ തോപ്പുകൾ, വിനോദസഞ്ചാരികളെ ആകർഷിക്കുവാനായി റിസോർട്ടുകൾ, നദിയിലൂടെയുളള യാത്ര, ദേവാലയങ്ങൾ, തുടങ്ങി നിരവധി കാഴ്ചകൾ പൂവാറിലുണ്ട്. 56 കിലോമീറ്റർ നീണ്ടു കിടക്കുന്ന നെയ്യാർ നെയ്യാറ്റിൻകര താലൂക്കിലൂടെ ഒഴുകി അറബി കടലിൽ ലയിക്കുന്നത് പൂവാറിലാണ്. കണ്ണുകൾക്ക് കുളിർമയേകുന്ന പ്രകൃതിഭംഗിയുളള ഒരു ടൂറിസ്റ്റ് സ്​പോട്ട് എന്ന് പൂവാറിനെ വിശേഷിപ്പിച്ചാൽ അതിശയോക്തിയാകില്ല.
പ്രധാന കാഴ്ചകൾ അറബി കടലും പൊഴിമുഖവും ബോട്ട് സവാരിയുമാണ്. ബോട്ടിൽ മാത്രമാണ് പൂവാറിൽ സഞ്ചരിക്കാൻ കഴിയുക. ശാന്തതയും മനഃശ്ശാന്തിയും ആഗ്രഹിക്കുന്നവർക്ക് പൂവാർ ഒരു മുതൽക്കൂട്ടാണ്.
പൂവാറിലെ ബോട്ട് യാത്ര
 

തെങ്ങിൻ തോപ്പുകൾക്കിടയിലൂടെയാണ് യാത്ര ആരംഭിക്കുന്നത്. ഇടയ്ക്ക് വരുന്ന കൈതക്കാടുകളും, അതിനിടയിലൂടെയുളള യാത്രയും ആനന്ദകരമാണ്.യാത്രയ്ക്കിടയിൽ വളരെ ഇടുങ്ങിയ ചില ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ എതിരെ വരുന്ന ബോട്ടിന് സൈഡ് കൊടുക്കുന്നതിനായി മറ്റ് ബോട്ടുകൾ വശത്തേക്ക് മാറ്റി നിർത്തുന്നതും മറ്റ് ഭാഗങ്ങളിലെ ബോട്ട് യാത്രകളിൽ നിന്നും പൂവാറിനെ വിത്യസ്തമാക്കുന്നു.

നീർക്കാക്കകളെയും ഓലപ്പാമ്പുകളെയും ഇടയ്ക്ക് കാണാൻ കഴിയും.വഴിക്ക് ഫ്ളോട്ടിംഗ് റസ്റ്റോറൻ്റുകളും റിസോർട്ടുകളും വളരെ മനോഹരമായി നിർമ്മിച്ചിട്ടുണ്ട്. ഈ റസ്റ്റോറൻറുകളിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവം മീൻ തന്നെയാണ്. മീനിനെ വിവിധ ഭാവങ്ങളിലും രൂപങ്ങളിലും ഇവിടെ ലഭ്യമാണ്. റിസോർട്ട് ബുക്ക് ചെയ്താൽ ബോട്ട് സവാരി അവർ തന്നെ അറേഞ്ച് ചെയ്യും.

Signature-ad

കായലിൽ നിന്നും നേരേ ചെന്നെത്തുന്നത് നെയ്യാറിലേക്കാണ്. പൂവാർ പളളിയുടെ കുരിശും നെയ്യാറിന് നടുക്കുളള പാറയും മനോഹരമായ കാഴ്ചകൾ തന്നെ. മറ്റൊരു മനോഹരമായ കാഴ്ചയാണ് പൊഴിമുഖം. ലോകാത്ഭുതങ്ങളിൽ ഒന്നെന്ന് വിശ്വസിക്കാവുന്ന ഒരു പൊഴിമുഖമാണിത്. കായലും, നദിയും കടലും ബീച്ചും ഒന്നിക്കുന്നകാഴ്ച നയനാന്ദകരമാണ്. ഗോൾഡൻ ബീച്ച് എന്നാണ് ഇവിടം അറിയപ്പെടുന്നത്.

 

പൂവാർ ഗ്രാമത്തെക്കുറിച്ച് നിരവധി കഥകളുണ്ട് പറയാൻ. പൂവാർ ഒരു കാലത്ത് ചന്ദനം, ആനക്കൊമ്പ്, സുഗന്ധവ്യഞ്ജനങ്ങൾ, തടി മുതലായവയുടെ കച്ചവടം നടന്നിരുന്ന നാടായിരുന്നു. കടൽ തീരത്തുളള നാടായതിനാൽ കടൽ സഞ്ചാരികൾ എത്തിച്ചേരാൻ സാധ്യതകൂടിയ പ്രദേശം. ബി.സി ആയിരമാണ്ടിൽ ഇസ്രയേലിലെ സോളമൻ രാജാവ് ഇവിടെ എത്തിച്ചേർന്നു എന്ന് പറയുന്നു.
 എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുസ്ലീം പ്രചാരകനായ മാലിക് ദിനാറാണ് പൂവാറിൽ മുസ്ലീം പളളി പണിതത് എന്ന് മറ്റൊരു കഥ. എന്തുതന്നെയായാലും ചോളരാജാക്കന്മാരുടെ ഭരണകാലത്ത് പൂവാർ വാണിജ്യത്തിനുള്ള ഒരു പ്രമുഖ തുറമുഖമായിരുന്നു എന്നത് സത്യം. സഞ്ചാരിയായിരുന്ന മെഗസ്​തനീസ്​, മാർക്കോപോളോ എന്നിവരുടെ രേഖകളിൽ പൂവാറിനെക്കുറിച്ചും ഗ്രീസുമായുളള കച്ചവടബന്ധങ്ങളെ കുറിച്ചും പറയുന്നുണ്ട്.
മാർത്താണ്ഡവർമ്മയുടെ കാലത്ത് മാടമ്പിമാരുടെ സഹായത്തോടെ എട്ടുവീട്ടിൽ പിള്ളമാർ രാജ്യം പിടിച്ചെടുക്കാനായി മാർത്താണ്ഡവർമ്മയെ കൊല്ലുന്നതിനായി ശ്രമിച്ചപ്പോൾ അവരിൽ നിന്നും രക്ഷനേടാനായി എത്തിച്ചേർന്നത് പൂവാറിലായിരുന്നു. അന്ന് 18–ാം നൂറ്റാണ്ടിൽ പൂവാറിലെ കല്ലറയ്ക്കൽ തറവാട്ടിൽ ജീവിച്ചിരുന്ന കച്ചവടക്കാരനും ധനികനും മാർത്താണ്ഡവർമ്മയുടെ സുഹൃത്തുമായ പോക്കു മൂസാ മര്യ്ക്കാറുടെ വീട്ടിലാണ് അദ്ദേഹം അഭയം പ്രാപിച്ചത്. മരയ്ക്കാറുടെ സഹായത്തോടെ മാർത്താണ്ഡവർമ്മ രാജ്യം തിരിച്ചുപിടിക്കുകയും ചെയ്തു.
മാർത്താണ്ഡവർമ്മയുടെ കാലത്ത് പൂവാറിൻെറ പേര് പോക്കുമൂസാപുരം എന്നായിരുന്നു.വസന്തകാലമായതിനാൽ നദിയൂടെ തീരത്തുളള മരങ്ങളിലെല്ലാം നിറയെ പൂക്കളായിരുന്നു. കൂടുതലും വാകപ്പൂമരങ്ങളായതിനാൽ ചുവന്ന പൂക്കൾ നിറഞ്ഞിരുന്നു.മാർത്താണ്ഡവർമ്മയ്ക്ക് അക്കാഴ്ച മനോഹരമായ കാഴ്ചയായി. അങ്ങനെ പൂവ് ആറ്, പൂവാറായത്രെ !
 തമ്പാനൂരിൽ നിന്നും പൂവാറിലേക്ക് നിരവധി ബസുകൾ  സർവിസ്​​ നടത്തുന്നുണ്ട്. റോഡ് മാർഗം – 33 കിലോമീറ്ററാണ് ദൂരം.ട്രെയിനിൽ വരുന്നവർക്ക് തിരുവനന്തപുരത്തോ നെയ്യാറ്റിൻകരയിലോ ഇറങ്ങാവുന്നതാണ്. നെയ്യാറ്റിൻകരയിൽ നിന്നും 10 കിലോമീറ്ററാണ് ദൂരം.

Back to top button
error: