തിരുവനന്തപുരം: മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസി മലയാളിയായ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. വക്കം പണ്ടാരത്തോപ്പില്‍ ശ്രീവിശാഖം വീട്ടില്‍ ബിനു എന്നു വിളിക്കപ്പെടുന്ന ചന്ദ്രലാല്‍ (44) ആണ് മരിച്ചത്.
മൂന്ന് ദിവസം മുൻപാണ് ചന്ദ്രലാല്‍ അബുദാബിയില്‍ നിന്നും നാട്ടില്‍ എത്തിയത്. ഈ മാസം 28ന് തിരിച്ചു പോകുവാൻ ഇരിക്കുകയായിരുന്നു. ഇതിനിടയില്‍ ആണ് അപ്രതീക്ഷിത മരണം.
കൊല്ലംപുഴ മൃഗാശുപത്രിക്കും പാലത്തിനും ഇടയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ഇരു ദിശകളില്‍ നിന്നും വന്ന ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയില്‍ വന്ന ഓട്ടോറിക്ഷ പെട്ടെന്ന് വെട്ടിത്തിരിച്ചതാണ് ബൈക്കുകള്‍ കൂട്ടിയിടിക്കുന്നതിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ചന്ദ്രലാലിനെ ഉടൻതന്നെ വലിയകുന്ന് ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.