ലോക ചരിത്രത്തിൽ ഇടം നേടിയ ദേവാലയമാണ് ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് സിഎസ്ഐ ചർച്ച്. രാജ്യത്തെ ആദ്യ യൂറോപ്യൻ പള്ളികളിൽ ഒന്നാണ് ഇത്.
1503ൽ ആണ് ഈ ചർച്ച് സ്ഥാപിതമായത്.ഇന്ത്യയെ പശ്ചാത്യ സമൂഹത്തിനു പരിചയപ്പെടുത്തിയ ചരിത്ര പുരുഷനും ലോകസഞ്ചാരിയുമായ വസ്കോ ഡി ഗാമയെ അടക്കം ചെയ്തത് ഫോർട്ട് കൊച്ചിയിലെ ഈ ദേവാലയത്തിലാണ്.
1804 മുതൽ 1947 വരെ ബ്രിട്ടീഷ് ആംഗ്ലിക്കൻ സഭയുടെ മിഷണറി വിഭാഗത്തിന്റെ(സി.എം.എസ്.) നിയന്ത്രണത്തിലായിരുന്ന പള്ളി 1947-ൽ സി.എസ്.ഐ. സഭയുടെ രൂപീകരണത്തെ തുടർന്ന് സഭയുടെ ഉത്തര കേരള മഹായിടവകയുടെ ഭാഗമായി. ഞാ യറാഴ്ച്ചകളിലും വിശേഷദിവസങ്ങളിലും ഇവിടെ മതപരമായ ചടങ്ങുകൾ നടക്കാറുണ്ട്. മറ്റ് ദിവസങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
പോർച്ചുഗീസ് പര്യവേഷകനും നാവികനുമായിരുന്ന വാസ്കോ ഡ ഗാമ 1524-ൽ തന്റെ മൂന്നാമത് കേരളസന്ദർശനത്തിനിടെ കൊച്ചിയിൽ വച്ച് മരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശരീരം ആദ്യം ഈ പള്ളിയിലായിരുന്നു അടക്കപ്പെട്ടത്. പതിനാലു വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ അഞ്ചാമത്തെ പുത്രൻ പേഡ്രോ ഡ സിൽവ ഗാമ കൊച്ചിയിലെത്തി അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പോർച്ചുഗലിലെ വിഡിഗ്വെട്രിയയിലേയ്ക്ക് കൊണ്ടുപോവുകയും ലിസ്ബണിലേക്ക് മാറ്റും വരെ അവിടെ സൂക്ഷിക്കുകയുമുണ്ടായി.