ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് സിറിയ ആഘോഷിച്ചത്.കളിച്ച എല്ലാ മല്‍സരങ്ങളിലും തോറ്റതോടെ ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പുറത്താവുകയും ചെയ്തു.
75 മിനിറ്റ് വരെ സിറിയയെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു ഇന്ത്യ ഗോൾ വഴങ്ങിയത്. 76-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഒമര്‍ കിര്‍ബിനാണ് മികച്ചൊരു ഫിനിഷിംഗിലൂടെ സിറിയക്ക് വേണ്ടി ഗോൾ നേടിയത്.
ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും തോറ്റാണ് സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും മടക്കം. ആദ്യ കളിയില്‍ കരുത്തരായ ഓസ്ട്രേലിയയോടു 0-2നു തോറ്റാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ പകുതിയിലുടനീളം സോക്കറൂസിനെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയ ഇന്ത്യക്കു രണ്ടാം പകുതിയില്‍ പിഴയ്ക്കുകയായിരുന്നു. അതിനു ശേഷം നടന്ന രണ്ടാം മല്‍സരത്തില്‍ ഉസ്ബെക്കിസ്താനോടു 0-3നും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
മൂന്നു മത്സരങ്ങളിൽ നിന്നായി ആറ് ഗോളുകൾ വഴങ്ങിയ ഇന്ത്യക്ക് ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല.അഞ്ചാം തവണയാണ് ഇന്ത്യ എ എഫ് സി ഏഷ്യൻ കപ്പില്‍ മത്സരിക്കാനെത്തുന്നത്.1964ൽ റണ്ണറപ്പായതാണ് ഏക നേട്ടം.