സല്‍മാൻ രാജാവിനെ പ്രതിനിധീകരിച്ച് വിദേശകാര്യ ഉപമന്ത്രി വലീദ് ബിൻ അബ്ദുല്‍കരീം അല്‍ഖുറൈജി നടത്തിയ പ്രസംഗത്തിലാണ് സൗദി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തിയില്‍ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതാണ് പശ്ചിമേഷ്യയിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഇന്നത്തെ സാഹചര്യത്തിൽ ചെയ്യുവാൻ സാധിക്കുന്നത്- അൽഖുറൈജി പറഞ്ഞു.
ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെ ശക്തമായി നിരാകരിക്കുന്നു. രാജ്യങ്ങളുടെ പരമാധികാരത്തെയും സ്ഥിരതയെയും ബാധിക്കുന്ന സംഘർഷങ്ങള്‍ ലോകമാകെ വർധിക്കുകയാണ്. സമാധാനം കൈവരിക്കാൻ രാജ്യങ്ങള്‍ ശ്രമിക്കണം. ഗാസയിൽ അടിയന്തര വെടിനിർത്തല്‍ കൈവരിക്കേണ്ടതിന്റെയും സഹായം എത്തിക്കേണ്ടതിന്റെയും ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കുന്നത് തടയേണ്ടതിന്റെയും ആവശ്യകത അദ്ദേഹം യോഗത്തിൽ ഊന്നിപ്പറഞ്ഞു.
ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഫലസ്തീൻ പ്രശ്നം ഞങ്ങളുടെ യോഗങ്ങളില്‍ സുപ്രധാന അജണ്ടയായി നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു