സ്കൂട്ടർ കലുങ്കിന്റെ മതിലിൽ ഇടിച്ചുമറിഞ്ഞ് പരുക്കേറ്റ്, രാത്രി മുഴുവൻ കലുങ്കിനടിയിൽ കിടന്ന യുവതി ഒടുവിൽ ചോര വാർന്നു മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി മഞ്ഞത്താനം അരുൺസ് കോട്ടേജിൽ സിജി എം.ബിജി (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മുട്ടുമൺ–ചെറുകോൽപുഴ റോഡിൽ പമ്പ ജലസേചന പദ്ധതിയുടെ നീർപ്പാലത്തിനു സമീപമാണ് അപകടം. ഇവിടെ വാടകയ്ക്കു താമസിക്കുകയാണ് സിജി.
നീർപ്പാലത്തിനു താഴെ റോഡിലുള്ള കലുങ്കിൽ ഇടിച്ച ശേഷം സ്കൂട്ടറും യുവതിയും കലുങ്കിനടിയിലേക്കു വീഴുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഇതുവഴി കാറിൽ പോയവരാണ് കലുങ്കിനോടു ചേർന്നുള്ള ഓടയിൽ കാൽ ഉയർന്നുനിൽക്കുന്നതു കണ്ടത്. അവരാണ് 108 ആംബുലൻസിനെ അറിയിച്ചത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുന്നന്താനം ചെങ്ങരൂര്‍ സ്വദേശിനിയാണ് ബിജി. ഭർത്താവ് അബ്ദീഷ് ഇടുക്കിയിലെ ജോലിസ്ഥലത്ത് ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അരകിലോമീറ്റർ അകലെ ഭർത്താവിന്റെ മാതാപിതാക്കൾ താമസിക്കുന്ന വീട്ടിൽനിന്ന് രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ചിട്ടു പോയതാണെന്ന് വീട്ടുകാർ പറഞ്ഞു. കോയിപ്രം പൊലീസ് കേസെടുത്തു. പാട്ടക്കാല അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്നു. അപകടം നടന്ന വിവരം പുറംലോകം അറിയാന്‍ വൈകിയതാണ് മരണ കാരണം.