അയോധ്യ : ജനുവരി 22ന് രാമക്ഷേത്രത്തിൽ ‘പ്രാണപ്രതിഷ്ഠ’ നടക്കുമ്പോൾ അയോധ്യ കനത്ത സുരക്ഷാവലയത്തിലാകും. മനുഷ്യശേഷിയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് പഴുതടച്ച സുരക്ഷാ സംവിധാനമാണ് ഒരുക്കുന്നത്.
നിർമിതബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന ക്യാമറകൾ, ഡ്രോണുകൾ തുടങ്ങിയവ വിന്യസിച്ചാണു സുരക്ഷയൊരുക്കുക.പ്രതിഷ്ഠാചടങ് ങിനിടെ ക്ഷേത്രവും പരിസരവും സുരക്ഷാ ഏജൻസികളുടെ നിരീക്ഷണ വലയത്തിലാകും. നഗരത്തിലെ മുഴുവൻ നീക്കങ്ങളും എഐ ക്യാമറ ഒപ്പിയെടുക്കും. ആളുകളുടെ മുഖം വ്യക്തമാകുന്നതും ഡേറ്റാബേസിൽ സൂക്ഷിക്കാനും ആവശ്യം വന്നാൽ വീണ്ടെടുക്കാനും സാധിക്കുന്നതുമായ ക്യാമറകളാണിത്. ആകാശ നിരീക്ഷണത്തിനായി ഡ്രോണുകളും വിന്യസിക്കും. കുഴിബോംബും മറ്റും കണ്ടെത്താവുന്നതും എഐ ഡേറ്റയിൽ പ്രവർത്തിക്കുന്നതുമായ ആന്റി–മൈൻ ഡ്രോണുകളും ഇക്കൂട്ടത്തിലുണ്ട്.
അയോധ്യയിലാകെ 10,000 സിസിടിവി സ്ഥാപിക്കാനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പല ഭാഷകൾ അറിയുന്ന പൊലീസുകാരെ യൂണിഫോമിലല്ലാതെ വേദിയിലും പരിസരത്തും നിയോഗിക്കും. യുപി പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡും നൂറോളം സ്നൈപ്പർമാരും സദാ ജാഗരൂകരായി രംഗത്തുണ്ടാകും. 10 ആന്റി ബാലിസ്റ്റിക് വാഹനങ്ങളും നഗരത്തിന്റെ പലയിടങ്ങളിലായി നിലയുറപ്പിക്കും.ഇതിന് പുറകെ കേന്ദ്ര സേനകളുമുണ്ടാവും.
പ്രതിഷ്ഠാ ദിനത്തിന് ഇനി രണ്ടു ദിവസം മാത്രമാണ് അവശേഷിക്കുന്നതെന്നതിനാൽ വിപുലമായ ഒരുക്കങ്ങളാണ് ഉത്തർപ്രദേശില്‍ നടക്കുന്നത്. പരിപാടിയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരില്‍നിന്ന് വിവരങ്ങള്‍ തേടി. രാമക്ഷേത്ര പ്രതിഷ്ഠാദിനം ദീപാവലി പോലെ കൊണ്ടാടണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.