കേരളത്തിലേക്ക് കൂടുതൽ സബേർബൻ ട്രെയിനുകൾ വരുന്നു, 4 നഗരങ്ങളിലേക്ക് പുതിയ റെയിൽപാത; ലിസ്റ്റിൽ മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂർ, നെടുമങ്ങാട്
റെയിൽപാതയില്ലാത്ത, അരലക്ഷത്തിനു മേൽ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പുതിയ റെയിൽപാത നിർമിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ കണ്ണുനട്ട് മലപ്പുറവും മഞ്ചേരിയും കാത്തിരിപ്പു തുടങ്ങിയിട്ട് നാളേറെയായി. പി.എം ഗതിശക്തി എന്ന പേരിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയിൽ നിലവിൽ രാജ്യത്തെ 55 നഗരങ്ങളിലേക്കു റെയിൽപാത നിർമിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു.
95 നഗരങ്ങളാണ് ആദ്യഘട്ടമെന്ന നിലയിൽ പരിഗണിച്ചിരുന്നത്. ഇക്കൂട്ടത്തിൽ കേരളത്തിൽനിന്നുള്ള 4 നഗരങ്ങളെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നിവയാണവ. അടുത്ത ഘട്ടത്തിൽ മട്ടന്നൂരിനെ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്.
ജനസംഖ്യ കൂടുതലുള്ള പ്രധാന നഗരങ്ങൾ നിലവിലുള്ള റെയിൽവേ ലൈനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ 5 കിലോമീറ്ററിലധികം ദൂരത്താണെങ്കിൽ പരിഗണിക്കാം എന്നതാണ് ഇക്കാര്യത്തിൽ കേന്ദ്രനയം. നിലവിൽ സാധ്യതാ പട്ടികയിലുള്ള കേരളത്തിലെ 4 നഗരങ്ങളിൽ റെയിൽവേ ബോർഡിന്റെ കണക്കനുസരിച്ച് ജനസംഖ്യ ഇങ്ങനെയാണ്: മലപ്പുറം (1,01,386), മഞ്ചേരി (97,102), കൊടുങ്ങല്ലൂർ (60,190), നെടുമങ്ങാട് (60,161). തമിഴ്നാട്ടിലെ വാൽപാറയും കമ്പവും പട്ടികയിലുണ്ട്. സർവേ നടത്തി നിൽത്തിവച്ച നിർദിഷ്ട നിലമ്പൂർ- ഫറോക്ക്, ഇടപ്പള്ളി- ഗുരുവായൂർ, തിരുവനന്തപുരം- പുനലൂർ പാതകൾ പ്രാവർത്തികമാകുകയാണെങ്കിൽ കേരളത്തിലെ 4 നഗരത്തിലേക്കും റെയിൽ സൗകര്യം ലഭ്യമാകും.
സംസ്ഥാനത്തെ റെയിൽവേ ട്രാക്കുകളുടെ സ്വഭാവത്തിനും സാഹചര്യത്തിനും ഇണങ്ങിയതും കൂടുതൽ യാത്രക്കാരെ ചെറിയ നഗരങ്ങൾക്കിടയിൽ വേഗത്തിൽ എത്തിക്കാൻ കഴിയുന്നതുമായ സബേർബൻ ട്രെയിനുകളാണു കൂടുതൽ ഉചിതമെന്നു കണ്ടെത്തിയിരുന്നു. തിരൂർ- കോഴിക്കോട്, ചെങ്ങന്നൂർ- തിരുവനന്തപുരം, കൊച്ചി- ആലപ്പുഴ, കൊച്ചി- കോട്ടയം, കൊച്ചി- തൃശൂർ, കണ്ണൂർ- കോഴിക്കോട് തുടങ്ങിയ റൂട്ടുകളിൽ സബേർബൻ ട്രെയിനുകൾ ഉടൻ ഓടിക്കാനാകും.
ഇതിൽ ചെങ്ങന്നൂർ- തിരുവനന്തപുരം സബേർബൻ പദ്ധതി സംബന്ധിച്ച് ഡിഎംആർസിയുടെ പഠന റിപ്പോർട്ട് സംസ്ഥാന സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.