KeralaNEWS

വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ല, നേതാക്കള്‍ വിലക്കണം; എംടിയുടേത് പൊതു പ്രസ്താവമെന്ന് സച്ചിദാനന്ദന്‍

കോഴിക്കോട്: വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ലെന്ന് കവി സച്ചിദാനന്ദന്‍. വ്യക്തിപൂജ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് എതിരാണെന്ന പ്രധാനപ്പെട്ട കാര്യം എംടി ഓര്‍മ്മിപ്പിക്കുന്നു. വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന നേതാക്കള്‍ അതു പാടില്ലെന്ന് പറയണം. ആള്‍ക്കൂട്ടത്തെ സമൂഹമാക്കി മാറ്റാന്‍ കഴിയണമെന്നും സച്ചിദാനന്ദന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

എന്തു കൊണ്ട് കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ പ്രധാനമാകുന്നു, എന്തുകൊണ്ട് യഥാര്‍ത്ഥമായ തുല്യതയ്ക്ക് വേണ്ടിയും ജനാധിപത്യത്തിനും വേണ്ടിയുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ പ്രധാനമാകുന്നു, എന്തു കൊണ്ട് അതു അപചയിച്ചുകൂടാ, എന്തുകൊണ്ട് അതു നിലനില്‍ക്കുകയും, നിലനില്‍ക്കുന്ന അധികാര വ്യവസ്ഥയ്ക്കെതിരെ പൊരുതുകയും വേണമെന്ന പ്രസ്താവമായിട്ടും എംടിയുടെ പ്രസംഗത്തെ വ്യാഖ്യാനിക്കാം.

Signature-ad

അതു കേരള സന്ദര്‍ഭത്തിലേക്ക് മാത്രമായി ചുരുക്കണമെന്നുമില്ല. അദ്ദേഹം ആരെയും വ്യക്തമായി ചൂണ്ടിപ്പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത് അധികാരത്തെപ്പറ്റിയുള്ള പൊതു പ്രസ്താവമാണ്. അതു ഇന്ത്യയുടെ പൊതു സന്ദര്‍ഭത്തിലും കേരളത്തിന്റെ പ്രത്യേക സന്ദര്‍ഭത്തിലും എടുക്കാവുന്നതാണ്. അതു കേള്‍ക്കുന്നയാളുടെ വ്യാഖ്യാന സാമര്‍ത്ഥ്യവും, കേള്‍ക്കുന്നയാളുടെ വ്യാഖ്യാന സമ്പ്രദായവും അനുസരിച്ചായിരിക്കും.

ഇഎംസ് ആരാധ്യനായത്, ഇഎംഎസ് വ്യക്തിപൂജയില്‍ വിശ്വസിച്ചിരുന്നില്ല എന്നതുകൊണ്ടാണ് എന്നാണ് എംടി പറഞ്ഞത്. വ്യക്തിപൂജയ്ക്ക് എതിരായ വിമര്‍ശനമുണ്ട്. വ്യക്തിപൂജ കമ്യൂണിസത്തിന്റെ സ്പിരിറ്റിന് എതിരാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അതു കേരളത്തിന്റെ സന്ദര്‍ഭത്തില്‍ വളരെ പ്രയുക്തമാണെന്ന് തോന്നുന്നുണ്ടാകും. ഇന്ത്യയുടെ സന്ദര്‍ഭത്തില്‍ പ്രധാനമാണെന്ന് തോന്നുന്നവരുണ്ടാകും. സച്ചിദാനന്ദന്‍ പറഞ്ഞു.

ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി രാജ്യത്തെ മുഴുവന്‍ തന്നെ അപകടത്തിലേക്കും ഇരുട്ടിലേക്കും മതരാഷ്ട്രവാദത്തിലേക്കും ഫാസിസത്തിലേക്കും നയിച്ചു കൊണ്ടിരിക്കുന്നതും, കേരളത്തിലെ മുഖ്യമന്ത്രി ഒരുപക്ഷേ ചെയ്തിരിക്കാവുന്ന ചില തെറ്റുകളും, രണ്ടും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ല. അത് ആനുപാതികമല്ല. അനുപാതങ്ങള്‍ വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് അമിതാധികാര പ്രയോഗങ്ങള്‍ ഉണ്ടായിട്ടില്ല എന്നൊന്നും താന്‍ പറയുന്നില്ല. ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ അതു രണ്ടും താരതമ്യം ചെയ്യാന്‍ കഴിയാത്ത തരത്തില്‍ വ്യത്യസ്ഥമായ മാനങ്ങളുള്ള കാര്യങ്ങളാണ്. നമുക്ക് മുഖ്യമന്ത്രിയെ വിമര്‍ശിക്കാം. അതേസമയം രാജ്യം തന്നെ എങ്ങോട്ടു പോകുന്നു എന്ന ചോദ്യം ചോദിക്കാതെ നമുക്ക് സംസ്ഥാനത്തിന്റെ മാത്രം പ്രശ്നങ്ങളിലേക്ക് ഒതുങ്ങാന്‍ സാധിക്കില്ലെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

തെറ്റുകളെ വിമര്‍ശിക്കാവുന്നതാണ്. ജനാധിപത്യത്തിന്റെ പ്രാഥമിക വ്യവസ്ഥകളിലൊന്നായ പ്രതിപക്ഷം ഉണ്ടാകുന്നത് അതുകൊണ്ടാണ്. എഴുത്തുകാര്‍ എല്ലാക്കാലത്തും വൈലോപ്പിള്ളി പറഞ്ഞതുപോലെ സൗവര്‍ണ പ്രതിപക്ഷമാണ്. തെറ്റുകണ്ടാല്‍ വിമര്‍ശിക്കണം. ഏത് അധികാര വ്യവസ്ഥയിലും അധികാരികള്‍ ആ വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കുകയും വേണം.

ചട്ടമ്പിസ്വാമികളെയും ശ്രീനാരായണഗുരുവിനേയുമൊക്കെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയനെ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവന മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇത്തരത്തിലുള്ള മുഖസ്തുതി കമ്യൂണിസത്തിന്റെ പാരമ്പര്യത്തിനോ സംസ്‌കാരത്തിനോ യോജിച്ച ഒന്നല്ല. വ്യക്തികളെ മുന്നില്‍ വെച്ചുകൊണ്ടല്ല കമ്യൂണിസം മുന്നോട്ടു പോകുന്നത്. അതിന്റേതായ പ്രത്യയശാസ്ത്രത്തെയും ദര്‍ശനത്തെയും സമത്വത്തെപ്പറ്റിയുള്ള സങ്കല്‍പ്പത്തെയും പിന്തുടരുന്നു. എംടി പറഞ്ഞതും അതു തന്നെയാണെന്നാണ് താന്‍ കരുതുന്നതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.

 

Back to top button
error: