NEWSPravasi

ഒമാനില്‍ കൂട്ടബലാത്സംഗത്തിനിരയായി  ഇന്ത്യക്കാരി

മസ്കറ്റ്: ജോലിക്കായി ഒമാനിലെത്തിയ ഇന്ത്യൻ യുവതി കൂട്ടബലാത്സംഗത്തിനിരയായി.ഹൈദരാബാദില്‍ നിന്നുള്ള 29 കാരിയായ യുവതിയാണ് മസ്‌കറ്റില്‍ ജോലി തേടി എത്തിയ ശേഷം കുരുക്കില്‍ അകപ്പെട്ടത്.

ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായംതേടി യുവതിയുടെ മാതാവ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നിവേദനം നൽകിയിട്ടുണ്ട്.
ഉപജീവനമാര്‍ഗം തേടിയാണ് യുവതി ഒമാനിലെ മസ്‌കറ്റിലേക്ക് വിമാനം കയറുന്നത്. ജോലിചെയ്ത വീട്ടില്‍ നിന്നുള്ള പീഡനങ്ങളും തൊഴിലുടമയുടെ സഹോദരന്റേതുൾപ്പടെയുള്ള ലൈംഗികാതിക്രമങ്ങളും കാരണം ജോലി അവസാനിപ്പിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ രേഖകളില്ലാതെ തെരുവില്‍ കഴിയുകയാണിപ്പോള്‍.

ഒമാനിലേക്ക് പോകുന്നതിന് മുൻപ് ഹൈദരാബാദിലെ ഒരു ആശുപത്രിയില്‍ ഹൗസ്കീപ്പിംഗ് വിഭാഗത്തിൽ ഇവർ ജോലിചെയ്തിരുന്നു. ഈ സമയത്താണ് ഷൗക്കത്ത് എന്ന വിസ ഏജന്റ് യുവതിയെ സമീപിച്ച്‌ ഒമാനിലെ മസ്‌കറ്റില്‍ ജോലി വാഗ്ദാനം ചെയ്യുന്നത്.

2023 ജനുവരി 30ന് വിസിറ്റ് വിസയിലാണ് യുവതി ഒമാനിലേക്ക് പോയത്. ഒമാനില്‍ എത്തിയപ്പോള്‍ നാസര്‍ എന്ന വ്യക്തി അവളെ സ്വീകരിച്ചു. തുടര്‍ന്ന് ഒരാഴ്ചയോളം മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ഓഫീസില്‍ പാര്‍പ്പിച്ച് ഇയാൾ പീഡിപ്പിച്ചതായി മാതാവിന്റെ പരാതിയിൽ പറയുന്നു. പിന്നീട് തൊഴിലുടമയ്ക്ക് കൈമാറുകയും വീട്ടുജോലിക്കായി നിയോഗിക്കുകയും ചെയ്തു.

ആറു മാസത്തോളം വീട്ടുജോലികള്‍ ചെയ്തു. ഇതിനിടെ പീഡനങ്ങള്‍ നേരിടേണ്ടിവന്നുവെന്നും ശരിയായ ഭക്ഷണവും താമസസൗകര്യവും നിഷേധിക്കപ്പെട്ടുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കഫീലിന്റെ (തൊഴിലുടമ) സഹോദരനും സുഹൃത്തുക്കളും ചേർന്ന് നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

ജീവിതം ദുരിതപൂര്‍ണമായതോടെ യുവതി ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചു. ഇക്കാര്യം പറഞ്ഞപ്പോള്‍ കഫീല്‍ യുവതിയ നാസറിന് തിരികെ കൈമാറിയെന്നും മാതാവ് പറയുന്നു.ഇപ്പോൾ ദുരിതപൂർണമായ ജീവിതമാണ് മകളുടേതെന്നും നാട്ടിൽ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും യുവതിയുടെ മാതാവ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നൽകിയ നിവേദനത്തിൽ പറയുന്നു.

Back to top button
error: