ബെയ്ജിങ്: മാലദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ അയയ്ക്കാന്‍ ചൈനയോട് അഭ്യര്‍ഥിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. അഞ്ചു ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഫുജിയാന്‍ പ്രവിശ്യയില്‍ മാലദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നയതന്ത്ര പ്രശ്നങ്ങളുടെ തുടര്‍ച്ചയായി ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അഭ്യര്‍ഥന. മാലദ്വീപിലേക്കുള്ള വിദേശ ടൂറിസ്റ്റുകളില്‍ ഒന്നാമത് ഇന്ത്യക്കാരാണ്.
ചൈനയുമായി മാലദ്വീപിനു വളരെ അടുത്ത ബന്ധമാണുള്ളതെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൂണ്ടിക്കാട്ടി. മാലദ്വീപിന്റെ വികസന പങ്കാളിയാണ് ചൈന എന്ന് അദ്ദേഹം വ്യക്തമാക്കി. 2014ല്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് തുടക്കം കുറിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. മാലദ്വീപിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ അടിസ്ഥാന വികസന പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോവിഡിനു മുന്‍പ് ചൈന ഞങ്ങളുടെ സുപ്രധാന വിപണിയായിരുന്നു. ആ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നാണ് എന്റെ അഭ്യര്‍ഥന” മാലദ്വീപ് പ്രസിഡന്റ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മൂന്നു മന്ത്രിമാരുടെ അപകീര്‍ത്തികരമായ പ്രസ്താവനയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്രബന്ധം വഷളാക്കിയത്. പരാമര്‍ശങ്ങള്‍ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ലക്ഷദ്വീപില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
മന്ത്രിമാരുടേതു വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളായിരുന്നുവെന്നും ഔദ്യോഗിക നിലപാടല്ലെന്നും വിശദീകരിച്ച ശേഷമാണു മാലദ്വീപ് സര്‍ക്കാര്‍ മൂന്നു പേര്‍ക്കെതിരെയും നടപടിയെടുത്തത്. മാലദ്വീപിലെ പുതിയ സര്‍ക്കാര്‍ ഇന്ത്യയുമായി അകന്ന്, ചൈനയുമായി അടുക്കാന്‍ ശ്രമിക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണു പുതിയ വിവാദം. ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്കെന്ന മാലദ്വീപ് പ്രസിഡന്റുമാരുടെ കീഴ്വഴക്കം മുഹമ്മദ് മുയിസു പാലിച്ചിരുന്നില്ല. ആദ്യം തുര്‍ക്കിയും പിന്നീട് യുഎഇയും സന്ദര്‍ശിച്ച അദ്ദേഹം ഇതിനു ശേഷം ചൈനയിലേക്കു പോയി.