NEWSWorld

”അത് ഞങ്ങളെ തന്നെ ഉദ്ദേശിച്ചാണ്, ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്”… മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മാലദ്വീപ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മാലദ്വീപ് മന്ത്രി. നരേന്ദ്ര മോദിയുടെ സന്ദര്‍ശനം മാലദ്വീപിനെ ലക്ഷ്യം വച്ചുള്ളതാണ് എന്നാണ് അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചത്. ഇത് സമൂഹമാധ്യമത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. ബീച്ച് ടൂറിസത്തില്‍ മാലദ്വീപുമായി മത്സരിക്കുന്നതില്‍ ഇന്ത്യ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നു എന്നായിരുന്നു മാജിദിന്റെ കുറിപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ സ്‌നോര്‍കെല്ലിങ് നടത്തുകയും ലക്ഷദ്വീപിന്റേത് മാസ്മരിക ഭംഗിയാണെന്ന് എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിക്കുകയും ചെയ്തു. സഞ്ചാരികള്‍ തങ്ങളുടെ പട്ടികയില്‍ ലക്ഷദ്വീപിനെക്കൂടി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം കുറിച്ചു. മോദിയുടെ സന്ദര്‍ശനം മാലദ്വീപിന്റെ ബീച്ച് ടൂറിസത്തിനു തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് മാജിദ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നാണ് വിലയിരുത്തല്‍. ഇന്ത്യക്കാരുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മാലദ്വീപ്.

Signature-ad

മാലദ്വീപില്‍ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരത്തില്‍ വന്നശേഷം ഇന്ത്യയും മാലദ്വീപില്‍ തമ്മിലുള്ള ബന്ധം വഷളായിരുന്നു. മാലദ്വീപിന്റെ ‘ഇന്ത്യ ആദ്യം’ എന്ന നയം മാറ്റുമെന്ന് അധികാരത്തില്‍ എത്തിയതിനു പിന്നാലെ മുയിസു പ്രഖ്യാപിച്ചിരുന്നു. ചൈനയുമായുള്ള സഹകരണത്തിലാണ് മുയിസു ശ്രമിക്കുന്നത്.

മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഇന്ത്യയും ചൈനയും ശ്രമിക്കുന്നതിനിടെ മാലദ്വീപ് ചൈനയുമായി അടുക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. രാജ്യാന്തര നാണയ നിധിയുടെ റിപ്പോര്‍ട്ട് പ്രകാരം മാലദ്വീപിന് ചൈന 1.3 ബില്യണ്‍ ഡോളര്‍ കടമായി നല്‍കിയിട്ടുണ്ട്. മുയിസു അധികാരത്തിലേറി അടുത്ത ദിവസം തന്നെ ഇന്ത്യന്‍ സൈന്യത്തെ മാലദ്വീപില്‍നിന്ന് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Back to top button
error: