ലക്‌നൗ: ഗുണ്ടാതലവനും ഷാര്‍പ്പ് ഷൂട്ടറുമായ വിനോദ്കുമാര്‍ ഉപാധ്യായ യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കൊലപാതകങ്ങളടക്കം 35 ലധികം കേസുകളില്‍ പ്രതിയായ വിനോദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഗോരഖ്പൂര്‍ പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പ്രത്യേക ദൗത്യസംഘം താമസ സ്ഥലം വളഞ്ഞത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഇയാള്‍ പോലീസിന് നേരെ നിരവധി തവണ വെടിയുതിര്‍ത്തു. തുടര്‍ന്ന് പോലീസ് സംഘം നടത്തിയ പ്രത്യാക്രമണത്തിലാണ് വിനോദ് കൊല്ലപ്പെട്ടത്.
ഗോരഖ്പൂര്‍, ബസ്തി, സന്ത് കബീര്‍നഗര്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു വിനോദിന്റെ ഗുണ്ടാ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇയാള്‍ക്കെതിരെ 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒന്നില്‍ പോലും ശിക്ഷിക്കപ്പെട്ടില്ല.
യുപി പോലീസ് തയ്യാറാക്കിയ മാഫിയ തലവന്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ വിനോദ് ഉള്‍പ്പെട്ടിരുന്നു . കഴിഞ്ഞ ഏഴ് മാസമായി ഇയാളെ പിടികൂടാനുള്ള ശ്രമങ്ങളിലായിരുന്നു ദൗത്യ സംഘം. അയോദ്ധ്യ ജില്ലയിലെ പൂര്‍വയില്‍ താമസിക്കുന്ന വിനോദ് കുമാര്‍ ഉപാധ്യായ 2005ലാണ് ആദ്യ കൊലപാതകം നടത്തിയത്. ഗുണ്ടാ തലവാനായ ജിത്നാരായണ്‍ മിശ്രയാണ് അന്ന് കൊല്ലപ്പെട്ടത്.