ലക്നൗ :ഉത്തര്‍പ്രദേശില്‍ 35 കാരനായ ആയുര്‍വേദ ഡോക്ടറെ വീട്ടില്‍ കയറി വെടിവച്ചു കൊന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍.
ജൗൻപൂര്‍ ജില്ലയിലെ ജലാല്‍പൂര്‍ മേഖലയില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഡോ തിലക്ധാരി സിംഗ് പട്ടേല്‍ ആണ് കൊല്ലപ്പെട്ടത്. ബിരുദധാരിയായ സിംഗ് കഴിഞ്ഞ എട്ട് വര്‍ഷമായി വാടകക്കെട്ടിടത്തില്‍ ‘സായി ചികിത്സാലയ’ എന്ന ക്ലിനിക്ക് നടത്തിവരുന്നു. വീട്ടില്‍ തന്നെയാണ് ക്ലിനിക്ക് പ്രവര്‍ത്തിച്ചിരുന്നത്.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് (സിറ്റി) ബ്രിജേഷ് കുമാര്‍ ഗൗതം പറഞ്ഞു. ഒളിവില്‍ പോയ പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.