കണ്ണൂര്‍: എം. വിജിന്‍ എം.എല്‍.എയും പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റം. കണ്ണൂരില്‍ കെ.ജി.എന്‍.എ സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ചിനിടെയാണ് വാക്കേറ്റമുണ്ടായത്. എസ്.ഐ. എം.എല്‍.എയെ അധിക്ഷേപിച്ചെന്നും പരാതിയുണ്ട്. ക്ഷാമബത്ത പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് കേരള ഗവര്‍ണ്‍മെന്‍ നെഴ്സസ് അസോസിയേഷന്‍ ഇന്ന് കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും പ്രഖ്യാപിച്ചത്.
നേരത്തേ തന്നെ ഇക്കാര്യം ക്രൈംബ്രാഞ്ചിനേയും അറിയിച്ചിരുന്നവെന്നാണ് അസോസിയേഷന്‍ നേതാക്കള്‍ പറയുന്നത്. കലക്ട്രേറ്റിന്റെ രണ്ടാം ഗേറ്റിലേക്കാണ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത്. ഈ സമയം അവിടെ ഒരു പൊലീസുകാരന്‍ പോലും ഉണ്ടായിരുന്നില്ല. സാധാരണ ഇത്തരത്തില്‍ പ്രകടനമായി എത്തുന്ന ആളുകളെ പൊലീസ് തടയകയാണ് പതിവ്. എന്നാല്‍ പൊലീസ് ഇല്ലാത്തതിനാല്‍ തന്നെ പ്രവര്‍ത്തകര്‍ കലക്ട്രേറ്റിനുള്ളിലേക്ക് കടന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പിങ്ക് പൊലീസ് ഓടിയെത്തി ഇവരെ തടഞ്ഞു.
ഒപ്പം ടൗണ്‍ എസ്.ഐ പി.പി ഷമീമും അവിടേക്കെത്തി. അവിടെവെച്ച് പ്രകടനം തടഞ്ഞു. പ്രകടനമായി ഇവിടേക്ക് വന്ന് ശരിയായില്ലെന്നും ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും എസ്.ഐ പറഞ്ഞു. മാത്രമല്ല എം.എല്‍.എ അടക്കമുള്ള ആളുകള്‍ കലക്ട്രേറ്റിനുള്ളില്‍ നിന്ന് ഇറങ്ങി പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസിന്റെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്ന് എം.എല്‍.എ മറുപടി നല്‍കി. തുടര്‍ന്നാണ് എം.എല്‍.എയും എസ്.ഐയും തമ്മില്‍ ചെറിയ തോതിലുള്ള വാക്കേറ്റമുണ്ടായത്. പിന്നീട് കലക്ട്രേറ്റിനുള്ളില്‍ വെച്ച് ഉദ്ഘാടനത്തിനായി വിജിന്‍ മൈക്ക് കയ്യിലെടുത്തു. ഈ സമയം എസ്.ഐ മൈക്ക് തട്ടിപ്പറിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ മുഴുവന്‍ ആളുകള്‍ക്കെതിരേയും കേസെടുക്കണമെന്നും പങ്കെടുത്ത എല്ലാവരുടേയും പേരുകള്‍ എഴുതിയെടുക്കണമെന്നും എസ്.ഐ പറഞ്ഞു. തുടര്‍ന്ന് എം.എല്‍.എയോട് നിങ്ങളുടെ പേരെന്താണ് എന്ന് ചോദിച്ചു. ഇതാണ് വിജിനെ പ്രകോപിപ്പിച്ചത്.