SportsTRENDING

സിറാജ് കൊടുങ്കാറ്റില്‍ നിലം പരിശായി ദക്ഷിണാഫ്രിക്ക; ആദ്യ ഇന്നിങ്‌സില്‍ 55 റണ്‍സിന് പുറത്ത്

കേംപ്ടൗണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര.പരമ്ബരയില്‍ സമനില പ്രതീക്ഷിച്ച്‌ കളത്തിലിറങ്ങിയ ഇന്ത്യയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ അടിപതറിയ പ്രോട്ടീസിന്റെ ആദ്യ ഇന്നിങ്‌സ് 55 റണ്‍സിലൊതുങ്ങി.
ആറ് മുന്‍നിര വിക്കറ്റുകള്‍ പിഴുതെടുത്ത മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കന്‍ നിരയുടെ നട്ടെല്ലൊടിച്ചത്.

തുടക്കത്തില്‍ തന്നെ മൂന്ന് മുന്‍നിര താരങ്ങളെയാണ് സിറാജ് കൂടാരം കയറ്റിയത്. ഡീന്‍ എല്‍ഗര്‍ (4), മാര്‍ക്രം (2), ടോണി ടി സോര്‍സി (2) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. മറ്റ് പേസര്‍മാരായ മുകേഷ് കുമാറും, ബുമ്രയും സിറാജിന് മികച്ച പിന്തുണ നല്‍കി.

Signature-ad

സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ് ജയം നേടിയ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതലേ എല്ലാം പിഴച്ചു.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ അടക്കമുള്ള കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് സിറാജ് കൊടുങ്കാറ്റില്‍ പിടിച്ച്‌ നില്‍ക്കാനായില്ല. വിരമിക്കല്‍ പ്രഖ്യാപിച്ച എല്‍ഗറിന്റെ അവസാന ടെസ്റ്റ് മത്സരമാണിത്.

അതേസമയം പരാജയ ഭാരം പേറി ഗ്രൗണ്ടിലിറങ്ങിയ ഇന്ത്യയാവട്ടെ മിന്നും പ്രകടനമാണ് കളിയിലുടനീളം പുറത്തെടുത്തത്. പ്രധാനമായും രണ്ട് മാറ്റങ്ങളാണ് ടീമിലുണ്ടായത്. അശ്വിനും, ശര്‍ദ്ദുല്‍ താക്കൂറിനും പകരം രവീന്ദ്ര ജഡേജയെയും, മുകേഷ് കുമാറുമാണ് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്.

Back to top button
error: