KeralaNEWS

തൃക്കാക്കരയിൽ ഇന്ന് 3 ന്, പിറവത്ത് 5ന്, തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിൽ നാളെ: കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവച്ച നവകേരള സദസ്സ് ഇന്നും നാളെയും

     സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച നവകേരള സദസ്സ് ഇന്നും നാളെയുമായി നടക്കും. തൃക്കാക്കര, പിറവം, തൃപ്പൂണിത്തുറ, കുന്നത്തുനാട്,  മണ്ഡലങ്ങളിലാണ് ഇനി നവകേരള സദസ്‌ നടക്കാനുള്ളത്.

തൃക്കാക്കര നിയോജക മണ്ഡലം നവകേരള സദസ്സാണ് ഇന്ന് ആദ്യം നടക്കുക. വൈകീട്ട് മൂന്നിന് കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ പരേഡ് ഗ്രൗണ്ടിലാണ് സദസ്സ് നടക്കുന്നത്. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് പിറവം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ പിറവം മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും.

Signature-ad

നാളെ വൈകീട്ട് മൂന്നിന് തൃപ്പൂണിത്തുറ നിയോജക മണ്ഡലം നവകേരള സദസ്സ്  പുതിയകാവ് ക്ഷേത്രമൈതാനിയില്‍ നടക്കും. അന്നേ ദിവസം വൈകീട്ട് അഞ്ചിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് മൈതാനിയില്‍ കുന്നത്തുനാട് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും.

പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാരായ കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും നാലു മണ്ഡലങ്ങളിലെയും നവകേരള സദസ്സില്‍ പങ്കെടുക്കും.

തൃക്കാക്കര നവകേരള സദസ്സ് വേദിയിലെ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഈ മാസം എട്ടിനാണ് കാനം രാജേന്ദ്രൻ അന്തരിച്ചത്. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടർന്ന് കാൽപാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

കോട്ടയം വാഴൂർ സ്വദേശിയാണ്.
വിദ്യാർത്ഥി പ്രസ്ഥാനമായ എഐവൈഎഫിൽ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ തുടക്കം. തന്റെ പത്തൊൻപതാം വയസിൽ കാനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. പിന്നീട് എഐടിയുസിയിൽ സജീവമായി പ്രവർത്തിക്കുകയും തൊഴിലാളി പ്രസ്ഥാനത്തിലെ പ്രവർത്തന മികവിലൂടെ ജനശ്രദ്ധയാകർഷിക്കുകയും ചെയ്തു. 21-ാം വയസിലാണ് കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന കൗൺസിലിൽ എത്തുന്നത്. സി കെ ചന്ദ്രപ്പന്റെ ഒഴിവിൽ 2015ലാണ് കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറിയാകുന്നത്.

സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും ഇടതുപക്ഷമുന്നണിയ്ക്കുള്ളിലെ പ്രധാന തിരുത്തൽ ശക്തിയായി കാനം പ്രവർത്തിച്ചുവരികയായിരുന്നു.

Back to top button
error: