ചെന്നൈ: തമിഴ്നാട്ടിൽ പോരിനിടെ ആകാംക്ഷ ഉയർത്തി ഗവർണർ-മുഖ്യമന്ത്രി കൂടിക്കാഴ്ച. ഇന്നലെ വൈകീട്ട് അഞ്ചരയോടെ രാജ് ഭവനിൽ എത്തിയ എം.കെ.സ്റ്റാലിനെ പ്രധാനവാതിൽ വരെ ഇറങ്ങി വന്നാണ് ആർ.എൻ.രവി സ്വീകരിച്ചത്. ഇരുവരും പരസ്പരം പൊന്നാട അണിയിക്കുകയും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. 4 മുതിർന്ന മന്ത്രിമാരും സ്റ്റാലിനൊപ്പം ഉണ്ടായിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഉടൻ തീരുമാനം എടുക്കണമെന്ന് ഗവർണരോട് ആവശ്യപ്പെട്ടതായി നിയമമന്ത്രി എസ്. രഘുപതി പറഞ്ഞു.
ഭരണഘടനയ്ക്കുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്ന് ഗവർണരോട് ആവശ്യപ്പെട്ടതായി സന്ദർശനത്തിന് പിന്നാലെ സ്റ്റാലിൻ പത്രക്കുറിപ്പിറക്കി. രാഷ്ട്രപതിക്ക് അയച്ച ബില്ലുകൾ തിരിച്ചെടുത്ത് ഉടൻ തീരുമാനം അറിയിക്കണം. എഐഎഡിഎംകെ മുൻ മന്ത്രിമാർക്കെതിരായ അഴിമതിക്കേസുകളിൽ പ്രോസിക്യൂഷൻ അനുമതി നൽകണം. ബില്ലുകളിൽ തീരുമാനം വൈകുന്ന സാഹചര്യത്തിൽ ഗവർണരും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി തർക്കം പരിഹരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഗവർണർ നേരത്തെ ക്ഷണിച്ചപ്പോൾ ചെന്നൈ പ്രളയം ചൂണ്ടിക്കാട്ടി സ്റ്റാലിൻ ഒഴിഞ്ഞുമാറുകയായിരുന്നു.