KeralaNEWS

നറുക്കെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് ടിക്കെറ്റെടുത്തു; കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം റബർ ടാപ്പിങ് തൊഴിലാളിക്ക്

മലപ്പുറം: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം റബർ ടാപ്പിങ് തൊഴിലാളിക്ക്. മലപ്പുറം വേങ്ങൂർ വളയപ്പുറത്തെ കുരിക്കാടൻ മുഹമ്മദലിയെ (52) ആണ് ഭാഗ്യം കടാക്ഷിച്ചത്. നറുക്കെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് ആയിരുന്നു മുഹമ്മദലി ടിക്കറ്റ് എടുത്തത്. അതും 12 ലോട്ടറി ടിക്കറ്റുകൾ. അതിൽ ഒന്ന് മുഹമ്മദലിയ്ക്ക് ഭാഗ്യം കൊണ്ടുവരിക ആയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് നടന്നത്. അന്നേദിവസം മേലാറ്റൂരിലെ കെ.മുരളീധരന്റെ ന്യൂസ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്നും മുഹമ്മദലി 12 ടിക്കറ്റുകൾ എടുത്തു. അതിൽ KR 674793 സീരിയൽ നമ്പറിലാണ് സമ്മാനം അടിച്ചത്. ഇതിനൊപ്പം ഇതേ നമ്പറിലെടുത്ത പതിനൊന്ന് ടിക്കറ്റുകളിൽ 8000 രൂപ വീതം സമാശ്വാസ സമ്മാനവും മുഹമ്മദലിക്ക് തന്നെ സ്വന്തം.

Signature-ad

ഒന്നാം സമ്മാനത്തുക കൊണ്ട് ബാങ്കിലെ വായ്പ അടക്കണമെന്നും ഓടുമേഞ്ഞ വീട് പുതുക്കി പണിയണമെന്നും മുഹമ്മദലി പറഞ്ഞു. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ഇദ്ദേഹത്തിന് ചെറിയ സമ്മാനങ്ങൾ മുൻപ് ലഭിച്ചിട്ടുണ്ട്. ഇത്രയും വലിയ തുക ലഭിക്കുന്നത് ഇതാദ്യമായാണ്. മണ്ണിൻ ഖദീജയാണ് മുഹമ്മദലിയുടെ ഭാര്യ. ഫവാസ്, നവാസ്, ഫാരിസ് എന്നിവർ മക്കളാണ്.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. ഒന്നാം സമ്മാനം 80 ലക്ഷം ലഭിക്കുമ്പോൾ, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഓരോ ലക്ഷം വച്ച് പന്ത്രണ്ട് പേർക്കും ലഭിക്കും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Back to top button
error: