തിരുവനന്തപുരം: മന്ത്രിയായി സ്ഥാനമേല്‍ക്കുന്ന കെ.ബി.ഗണേഷ് കുമാറിനു സിനിമ വകുപ്പ് നല്‍കില്ല. ഇക്കാര്യം ഗണേഷ് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സിനിമ വകുപ്പ് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) കത്തു നല്‍കിയിരുന്നു. ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണു ഗണേഷിനു ലഭിക്കുക. തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രിയായാണു വീണ്ടും രാമചന്ദ്രന് കടന്നപ്പള്ളി രണ്ടാം പിണറായി മന്ത്രിസഭയില്‍ എത്തുന്നത്.
ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫീസ് കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവര്‍കോവിലിന്റേതു ഗണേഷിനും നല്‍കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ഓഫീസ് തന്നെയാണ് കടന്നപ്പള്ളിക്കു കിട്ടുക. വൈകിട്ട് നാലിനാണു ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഔദ്യോഗിക വസതി വേണ്ടെന്നു ഗണേഷ് അറിയിച്ചിട്ടുണ്ട്. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങ് ബഹിഷ്കരിക്കുമെന്നു പ്രതിപക്ഷം അറിയിച്ചു.
അതേസമയം, കെഎസ്ആര്‍ടിസിയിലെ ക്രമക്കേട് തടയുമെന്ന് നിയുക്ത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കണക്കുകള്‍ കൃത്യമാകണം. തൊഴിലാളികള്‍ക്ക് ദോഷം ചെയ്യുന്ന നടപടികള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ വരുമാനച്ചോര്‍ച്ച തടയും. കെഎസ്ആര്‍ടിസിയില്‍ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്റെ ലക്ഷ്യം തന്നെ അഴിമതി ഇല്ലാതാക്കുകയാണ്. എല്ലാവിധ ചോര്‍ച്ചകളും അടയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കും. വരവ് വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനൊടൊപ്പം ചെലവില്‍ വലിയ നിയന്ത്രണം കൊണ്ടുവരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
”ഒരു പൈസ പോലും കെഎസ്ആര്‍ടിസിയില്‍ നിന്ന് ചോര്‍ന്നുപോകാത്ത വിധമുള്ള നടപടികള്‍ സ്വീകരിക്കും. നമ്മള് ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ തീര്‍ച്ചയായും നമ്മുടെ കൂടെ നില്ക്കും. തൊഴിലാളിക്ക് ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്നത് ശരിയാണ്. എന്നാല്‍ ചോര്‍ച്ച അടയ്ക്കുന്നതോടെ നീക്കിയിരിപ്പ് വര്‍ധിക്കും”- ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.