NEWSWorld

ഒറ്റ ചാർജിൽ 1000 കിലോമീറ്റർ സഞ്ചരിക്കാം! അതിശയിപ്പിക്കുന്ന കരുത്തേറിയ ബാറ്ററിയുമായി  ഇലക്ട്രിക് കാർ വരുന്നു

    ഒറ്റ ചാർജിൽ 1000 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ കഴിയാവുന്ന പുതിയ ബാറ്ററി പുറത്തിറക്കി ചൈനീസ് ഇലക്ട്രിക് കാർ നിർമാതാക്കളായ നിയോ. അടുത്ത തലമുറ ബാറ്ററിയുടെ വൻതോതിലുള്ള ഉൽപാദനം 2024 ഏപ്രിലിൽ ഉണ്ടാകുമെന്ന് ഷാങ്ഹായ് ആസ്ഥാനമായുള്ള കമ്പനി വ്യക്തമാക്കി. നിലവിൽ വിപണിയിലുള്ള മറ്റേതൊരു ഇലക്ട്രിക് അല്ലെങ്കിൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കാറുകളേക്കാളും ദൈർഘ്യമേറിയ റേഞ്ചാണ് നിയോ അവകാശപ്പെടുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച, 14 മണിക്കൂറിൽ 1,044 കിലോമീറ്റർ ഇലക്‌ട്രിക് ഇടി 7 (ET7) വാഹനം ഓടിച്ച് നിയോ ചീഫ് എക്‌സിക്യൂട്ടീവ് വില്യം ലി അവകാശവാദം തെളിയിച്ചു. ഇത് തത്സമയം സ്ട്രീം ചെയ്തിരുന്നു.
ഷെജിയാങ് പ്രവിശ്യയിൽ നിന്ന് ഫുജിയാൻ പ്രവിശ്യയിലേക്ക് കാർ ശരാശരി 84 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ടെസ്‌ലയുടേത് പോലെയുള്ള ശക്തമായ ഇലക്ട്രിക് കാറുകളോടാണ് നിയോ മത്സരിക്കുന്നത്.

ചാർജ് തീർന്ന ബാറ്ററി മൂന്ന് മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ മാറ്റി പൂർണമായി ചാർജ് ചെയ്ത ബാറ്ററി സ്ഥാപിക്കാനാവും. വാഹനത്തിലേക്ക് ഇന്ധനം നിറക്കാൻ എടുക്കുന്ന സമയം മാത്രമാണിത്. ഉപഭോക്താക്കൾക്ക് ബാറ്ററിയില്ലാതെ വാഹനം വാങ്ങാനും പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് നൽകി നിയോയുടെ നെറ്റ്‌വർക്കിനുള്ളിൽ ബാറ്ററികൾ ഉപയോഗിക്കുന്നതിനും കഴിയും. 1,000 കിലോമീറ്ററിൽ കൂടുതൽ റേഞ്ച് നൽകുന്ന ആദ്യത്തെ ഇലക്ട്രിക് കാറാവാനാണ് നിയോ ഇടി 7 ലക്ഷ്യമിടുന്നത്.

പുതിയ ബാറ്ററി വാങ്ങുന്നതിന് ഏകദേശം 30 ലക്ഷം രൂപ (298,000 യുവാൻ) ചിലവ് വരുമെന്ന് നിയോയുടെ പ്രസിഡന്റ് ക്വിൻ ലിഹോംഗ് പറഞ്ഞു. പക്ഷേ  ഈ വില ചൈനയിൽ സർക്കാർ സബ്‌സിഡി ഇല്ലാത്തതാണ്, അതിനാൽ സബ്‌സിഡി ഏർപ്പെടുത്തിയതിന് ശേഷം അതിന്റെ വില ഇനിയും കുറയാനിടയുണ്ട്. ഭാവിയിൽ ഈ ഇവി കമ്പനി ഇന്ത്യയിൽ എത്തുകയാണെങ്കിൽ, വരും  വർഷങ്ങളിൽ ഇത് ഇന്ത്യൻ റോഡുകളിലും കാണാനാവും.

Back to top button
error: