ഫെബ്രുവരി 8 ന് ആരംഭിക്കുന്ന പാകിസ്ഥാന്റെ 16 -ാം പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍, പാകിസ്ഥാന്റെ പൊതു തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു ഹിന്ദു യുവതിയും ജനവിധി തേടിയിറങ്ങുന്നു, ഡോ. സവീര പര്‍കാശ്. ഇസ്ലാമാബാദിന് സമീപത്തെ ഖൈബര്‍ പക്തൂണ്‍ പ്രവിശ്യയിലെ ബുനര്‍ ജില്ലയില്‍ നിന്നാണ് ഡോ സവീര പര്‍കാശ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. ഇതിനായി ഇവര്‍ നാമനിര്‍ദ്ദേശം സമര്‍പ്പിച്ച് കഴിഞ്ഞു. മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു എന്ന് നിരന്തരം വാര്‍ത്തകള്‍ പുറത്ത് വരുന്ന പാകിസ്ഥാനില്‍ നിന്നും പൊതു തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന 25 കാരിയായ ഡോ സവീര പര്‍കാശ് ആരാണ്?
പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)യുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച സവീര നാമനിര്‍ദ്ദേശം സമര്‍പ്പിച്ചത്. ഈയിടെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സീനിയര്‍ ഡോക്ടറായി റിട്ടയര്‍ ചെയ്ത ഡോ ഓം പര്‍കാശാണ് മകളുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സമീര ഒരു ഇറക്കുമതി സ്ഥാനാര്‍ത്ഥിയാണെന്ന് കരുതിയാല്‍ തെറ്റി. നിലവില്‍ അവര്‍ പിപിപിയുടെ സജീവ പ്രവര്‍ത്തകയും വനിതാ വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്. അച്ഛന് ഓം പര്‍കാശ്, 35 വര്‍ഷമായി പിപിപിയുടെ സജീവ പ്രവര്‍ത്തകനാണ്.
2022 -ല്‍ അബോട്ടാബാദിലെ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് സവീര, എംബിബിഎസ് പാസായത്. ആദ്യമായാണ് ഒരു ദേശീയ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെങ്കിലും ഒരേ സമയം സവീര രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയാണ്. ബുനറിലെ ജനറല്‍ സീറ്റിലും മറ്റൊരു വനിതാ സംവരണ മണ്ഡലത്തിലും സവീര തന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ഡോക്ടറായ അച്ഛന്റെ പാത പിന്തുടര്ന്ന് പാകിസ്ഥാനിലെ ഗ്രാമീണ മേഖലകളിലെ പാവങ്ങള്‍ക്ക് വേണ്ടി സഹായിക്കാനാണ് തന്റെ ആഗ്രഹമെന്ന് സവീര പറയുന്നു. ബുനര്‍ ജില്ലയിലെ ജനറല്‍ സീറ്റില്‍ നിന്ന് കഴിഞ്ഞ 55 വര്‍ഷത്തിനിടെ ആദ്യമായി ഒരു വനിത മത്സരിക്കുകയാണെന്നും അതിനാല്‍ സവീരയ്ക്കാണ് തന്റെ പിന്തുണയെന്നും ബുനറിൽ നിന്നുള്ള സാമൂഹിക മാധ്യമ ഇൻഫ്ലുവൻസറായ ഇമ്രാൻ നൗഷാദ് ഖാന് പാകിസ്ഥാന് മാധ്യമമായ ഡോണിനോട് പറഞ്ഞു.