ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന പ്രതിപക്ഷ നിലപാടിനെതിരെ പ്രതികരണവുമായി വിഎച്ച്പി. സീതാറാം എന്ന പേരുണ്ടായിട്ടും യെച്ചൂരി പങ്കെടുക്കില്ല എന്ന നിലപാട് ദൗർഭാഗ്യകരമാണെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കൾ എത്തുമോ എന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ കോണ്‍ഗ്രസിനുള്ള ക്ഷണത്തിൽ മുന്നറിയിപ്പുമായി മുസ്ലീംലീഗ് രംഗത്തെത്തിയിരുന്നു. ബിജെപിയുടെ അജണ്ടയിൽ കോണ്‍ഗ്രസ് വീഴരുതെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കോൺഗ്രസിനെതിരെ വിമർശനവുമായി സമസ്ത രംഗത്തെത്തിയതിന് പിന്നാലെയാണ് വിമർശനവുമായി മുസ്ലിം ലീഗും രംഗത്തെത്തുന്നത്. കോൺഗ്രസ് നിലപാട് തെറ്റാണെന്നായിരുന്നു സമസ്ത മുഖപത്രത്തിൽ വിമർശനമുണ്ടായത്.
ബിജെപി എല്ലാ തെരഞ്ഞെടുപ്പുകൾക്ക് മുന്നിലും ഓരോ കെണികൾ ഉണ്ടാക്കാറുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പും വർഗീയ കലാപമുണ്ടാക്കലായിരുന്നു നേരത്തെ പണി. ഇപ്പോഴും വർഗീയ വികാരങ്ങൾ ചൂഷണം ചെയ്യലാണ് അവരുടെ നയം. ബിജെപിയുടെ ഒരജണ്ടയിലും വീണ് കൊടുക്കരുതെന്നാണ് നിലപാട്. ഇതിൽ മാത്രമല്ല, ഒന്നിലും വീഴരുതെന്നും പിഎംഎ സലാം പറഞ്ഞു. സിപിഎമ്മിന്റെ നിലപാടിനെ കുറിച്ച് സിപിഎമ്മിനോട് ചോദിക്കണം. കോൺഗ്രസിന്റെ മറുപടിയെകുറിച്ച് അവരോടും ചോദിക്കുക. ഞങ്ങളുടെ മറുപടിയാണ് ഞാൻ പറഞ്ഞത്, അതായത് മുസ്ലിംലീഗിന്റേതെന്നും സലാം പ്രതികരിച്ചു.