KeralaNEWS

റോബിന്‍ ബസിനെ പൂട്ടാനുറച്ച് മോട്ടോര്‍ വാഹന വകുപ്പ്, ഇന്ന് സര്‍വീസ് പുനഃരാരംഭിച്ച ബസ് രണ്ടു കിലോമീറ്റർ പിന്നിട്ടപ്പോൾ വഴിയില്‍ തടഞ്ഞു

   ഒരു മാസത്തിന് ശേഷം റോബിന്‍ ബസ് ഇന്ന് സര്‍വീസ് പുനഃരാരംഭിച്ചു. പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂര്‍ക്കാണ് സര്‍വീസ്. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റർ പിന്നിട്ട് മൈലപ്രയിൽ എത്തിയപ്പോൾ മോട്ടർ വാഹന വകുപ്പ് പരിശോധനയ്ക്കായി വീണ്ടും തടഞ്ഞു. പരിശോധന പൂർത്തിയാക്കിയ ശേഷം യാത്ര തുടരാൻ അനുവദിച്ചു. ഒരു മാസത്തിനു ശേഷമാണ് റോബിൻ ബസ് നിരത്തിലിറങ്ങുന്നത്.

പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റോബിന്‍ ബസ് വിട്ടുകൊടുത്തത്. നിയമ ലംഘനത്തിനു ചുമത്തിയ പിഴയായി 82,000 രൂപ അടച്ചതിനു പിന്നാലെയായിരുന്നു നടപടി. പിഴ ഒടുക്കിയാൽ ബസ് വിട്ടുനൽകണം എന്ന ഹൈക്കോടതി ഉത്തരവും പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റ് ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. നിലവിലെ നിയമപ്രകാരം സര്‍വീസ് നടത്തിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും ബസ് വീണ്ടും പിടിച്ചെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമാണെന്നാണ് എംവിഡിയുടെ നിലപാട്. ഇതിനെതിരെ ബസ് ഉടമ ബേബി ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിൽ അടുത്ത മാസം അന്തിമ വിധിയുണ്ടാകും.

Signature-ad

കഴിഞ്ഞ മാസം 24 ന് പുലര്‍ച്ചെയാണ് റോബിന്‍ ബസ് എംവിഡി പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാന്‍ ശനിയാഴ്ച പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന്  ഉത്തരവുമായി ഉടമ പോലീസിനെ സമീപിച്ചശേഷം ഞായറാഴ്ചയാണ് എംവിഡി ബസ് വിട്ടുകൊടുക്കാന്‍ തയ്യാറായത്. മോട്ടോര്‍ വാഹന വകുപ്പ് ആദ്യം ബസ് വിട്ടുകൊടുത്തിരുന്നില്ല.

ഇതുവരെ നിയമം പാലിച്ചാണ് സര്‍വീസ് നടത്തിയതെന്നും ഇനിയും നിയമം പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്നും ഉടമ ഗിരീഷ് പറഞ്ഞു. എംവിഡി പിടിച്ചിട്ട ബസില്‍ നിന്ന് പല വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടമായിട്ടുണ്ട്. സ്വര്‍ണവും പണവുമാണ് നഷ്ടമായത്. അത് ബസിന്റെ സെക്കന്റ് ഡ്രൈവറുടേതായിരുന്നു. അതൊന്നും പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് അടുത്ത കേസുമായി മുന്നോട്ട് പോകണം.

Back to top button
error: