കുടുംബ പ്രശ്നത്തെ തുടർന്ന് റെയിൽ പാളത്തിൽ കൂട്ട ആത്മഹത്യക്ക് എത്തിയ മാതാവിനെയും രണ്ട് കൈകുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തി നീലേശ്വരം പൊലീസ്. നിയമപാലകരെത്തിയപ്പോൾ കണ്ടത് മക്കളെയും കെട്ടിപിടിച്ച് റെയിൽ പാളത്തിൽ കരഞ്ഞുകൊണ്ടിരിക്കുന്ന മാതാവിനെയും കുട്ടികളെയും. കാസർകോട് ജില്ലയിലെ നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടമ്മയെയും കൈകുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയതിന്റെ ആശ്വാസത്തിലാണ് നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.
കഴിഞ്ഞ ദിവസം രാത്രി നീലേശ്വരം പേരോലിലാണ് മാതാവും കൈകുഞ്ഞുങ്ങളും ഓട്ടോറിക്ഷയിൽ വന്നിറങ്ങിയത്. ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനിലെ ജി.ഡി പൊലീസ് ചാർജിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർമാരായ വിശാഖും വിനോദ് കുമാറും, പൊലീസ് ഉദ്യോഗസ്ഥരായ ആനന്ദ കൃഷ്ണൻ, അജിത്ത് കുമാർ ജയേഷ്, ഹോംഗാർഡ് പ്രവീൺ എന്നിവരും കുതിച്ചെത്തി പേരാലിലും നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും റെയിൽവേ ട്രാക്കുകളിലും വിശദമായ പരിശോധന നടത്തിയതിനെ തുടർന്നാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും മാറി റെയിൽ പാളത്തിൽ ആത്മഹത്യക്കായി കൈക്കുഞ്ഞിനെ മാറിൽ ചേർത്തു പിടിച്ചും മറ്റേ കുഞ്ഞിനെ ഒപ്പം ചേർത്തിരുത്തിയ നിലയിലും യുവതിയെ കണ്ടെത്തിയത്.
കുഞ്ഞുങ്ങളെ കെട്ടിപിടിച്ച് തേങ്ങി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു യുവതി. ഇവരെ കണ്ടതും പൊലീസ് ട്രാക്കിൽ നിന്നും മാറ്റി നീലേശ്വരം സ്റ്റേഷനിൽ എത്തിച്ചു. വിവരങ്ങൾ ചോദിച്ചപ്പോഴാണ് കുടുംബ പ്രശ്നത്തെ തുടർന്ന് ആത്മഹത്യ ചെയ്യാൻ എത്തിയതാണെന്ന് ഇവർ വെളിപ്പെടുത്തിയത്. കാര്യങ്ങൾ പറഞ്ഞു സമാധാനിപ്പിക്കുകയും ഇതിന്റെ ദുരന്തഫലം ബോധ്യപ്പെടുത്തുകയും ചെയ്തതോടെ യുവതിയുടെ മനസ് മാറി. തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി യുവതിയെയും കുട്ടികളെയും വീട്ടിലേക്ക് അയക്കുകയും ചെയ്തു. കുറച്ചു സമയം കൂടി വൈകിയിരുന്നുവെങ്കിൽ നാടിനെ നടുക്കുന്ന ദുരന്ത വാർത്ത കേൾക്കേണ്ടി വരുമായിരുന്നു എന്ന് പൊലീസ് പറയുന്നു.