തൃശൂർ: തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരേ വിജിലൻസ് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കോർപ്പറേഷന്റെ ഉടമസ്ഥതയിൽ കാൽവരി റോഡിലുള്ള ഫ്‌ളാറ്റ് 2016 ൽ അനുവദിച്ചയാൾ ഏറ്റെടുക്കാതിരുന്നപ്പോൾ മറ്റൊരാൾക്ക് അനുവദിക്കണമെന്ന കമ്മിഷൻ ഉത്തരവ് അനുസരിക്കാതെ കമ്മിഷനെ തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തിലാണ് അന്വേഷണത്തിന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടത്.
2016ൽ കോർപ്പറേഷൻറെ ഫ്‌ളാറ്റ് അനുവദിക്കപ്പെട്ടയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുവെന്നും പള്ളി വികാരിയുടെ സംരക്ഷണയിൽ താത്കാലികമായി താമസിക്കുന്നുവെന്നും തെറ്റായ റിപ്പോർട്ട് നൽകി കോർപ്പറേഷൻ സെക്രട്ടറി കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചതായി ഉത്തരവിൽ പറയുന്നു. സുനിത എന്നയാൾക്കാണ് 2016 ൽ ഫ്‌ളാറ്റ് അനുവദിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അവർ ഏറ്റെടുത്തില്ല. തുടർന്ന് സ്വന്തമായി വീടില്ലാത്ത പൂന്തോൾ സ്വദേശി മുരളിക്ക് പ്രസ്തുത ഫ്‌ളാറ്റ് അനുവദിക്കാൻ കമ്മിഷൻ ഉത്തരവിട്ടു.
എന്നാൽ സുനിത മടങ്ങിയെത്തി അവർക്ക് അനുവദിച്ച ഫ്‌ളാറ്റ് ഏറ്റെടുക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് സുനിത എവിടെയാണെന്ന് അന്വേഷിക്കാൻ കമ്മിഷൻ ജില്ലാ സാമൂഹിക നീതി ഓഫീസറെ ചുമതലപ്പെടുത്തി. സുനിത തൃശൂർ കോർപ്പറേഷനിലെ 50ാം ഡിവിഷനിൽ ഒരു വാടക വീട്ടിൽ സഹോദരി ആശക്കൊപ്പം താമസിക്കുകയാണെന്ന് ഇവർ കണ്ടെത്തി. ഇവർ ക്ഷീണിതയായിരുന്നെങ്കിലും മാനസികമായി കുഴപ്പമുണ്ടെന്ന് തോന്നുന്നില്ലെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസർ കമ്മിഷനെ അറിയിച്ചു.
തുടർന്ന് സുനിതയുടെ ആരോഗ്യസ്ഥിതി വിലയിരുത്താനും അവർക്ക് സഹായം നൽകാനും അംഗനവാടി ജീവനക്കാരെ സാമൂഹികനീതി വകുപ്പ് ചുമതലപ്പെടുത്തി. സത്യസന്ധമായി റിപ്പോർട്ട് നൽകിയ ജില്ലാ സാമൂഹിക നീതി ഓഫീസർ ജോയ് സ്റ്റീഫനെ കമ്മിഷൻ അഭിനന്ദിച്ചു. കൂലിവേലക്കാരനായ മുരളിക്ക് വീട് നൽകാതിരിക്കാൻ തെറ്റായ റിപ്പോർട്ട് നൽകിയതായി കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
2016 മുതൽ ഒഴിഞ്ഞു കിടക്കുന്ന ഫ്‌ളാറ്റ് വാടകയ്ക്ക് നൽകിയിരുന്നെങ്കിൽ പോലും കോർപ്പറേഷന് വലിയ തുക ലഭിക്കുമായിരുന്നുവെന്ന് ഉത്തരവിൽ പറയുന്നു. ഇത് സെക്രട്ടറിയുടെ അനാസ്ഥയാണ്. പരാതിക്കാരനായ മുരളിക്ക് അർഹമായ ഫ്‌ളാറ്റ് അനുവദിച്ചു നൽകാൻ കമ്മിഷൻ ചീഫ് സെക്രട്ടറി്ക്ക് നിർദേശം നൽകി. കൂടാതെ അനുവദിക്കുന്ന ഫ്‌ളാറ്റ് നിശ്ചിത സമയത്തിനകം സ്വീകരിക്കാൻ ബൈലോയിൽ നിബന്ധന ഏർപ്പെടുത്തണമെന്നും കോർപ്പറേഷൻ കൗൺസിലിന് കമ്മിഷൻ നിർദേശം നൽകി. ഉത്തരവ് ചീഫ് സെക്രട്ടറിയ്ക്ക് അയച്ചു.