ഭക്ഷണം ചോദിച്ചെത്തി, രാജനെ മകനെപ്പോലെ വളര്‍ത്തി മുഹമ്മദ്
തെരുവില്‍ നിന്നെത്തി സഹോദരനായി മാറിയ രാജനെയാണ് ഇസ്ലാം മതവിശ്വാസിയായ അലിമോനും കുടുംബവും ഹിന്ദുമതാചാര പ്രകാരം യാത്രായാക്കിയത്.
മലപ്പുറം നരണിപ്പുഴയെന്ന ഗ്രാമത്തിലാണ് സംഭവം.പൊതുപ്രവര്‍ത്തകനായ മുഹമ്മദിന്റെയടുത്ത് ഭക്ഷണത്തിനുള്ള പണമന്വേഷിച്ച് നാല്‍പ്പതു വര്‍ഷം മുമ്ബാണ് നെന്മാറക്കാരനായ രാജനെത്തിയത്. പോകാനിടമില്ലാത്തതിനാല്‍ രാജനെ മുഹമ്മദ് വീട്ടിലേക്ക് കൂട്ടി.
മകന് അലിമോനൊപ്പം മകന്റെ സ്ഥാനം തന്നെയായിരുന്നു രാജനും. മുഹമ്മദിന്റെ കാലശേഷം കുടുംബാഗമായി തന്നെ രാജൻ ജീവിതം തുടര്‍ന്നു. ഇതിനിടയിലാണ് ഹൃദ്രോഗം രാജുവിന്റെ ജീവന് കവര്‍ന്നത്. ആരുമില്ലാതിരുന്ന രാജന്റെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദുമാതാചാരപ്രകാരം തന്നെ നടത്താനായിരുന്നു അലിമോന്റെ തീരുമാനം.
നാട്ടുകാര്‍ കത്തിച്ചു വെച്ച നിലവിളക്കിനടുത്തായി നാഴിയരിയും ഇടങ്ങഴി നെല്ലും എരിഞ്ഞു കത്തുന്ന ചന്ദനത്തിരിയും വെച്ചായിരുന്നു ചടങ്ങുകള്‍. കുറ്റിക്കാട് പൊതു ശ്മശാനത്തിലുയര്‍ന്ന ചിതക്ക് അലിമോനും സഹോദരീപുത്രന് റിഷാനും ചേര്‍ന്ന് തീ കൊളുത്തുകയായിരുന്നു.
മരണത്തിന് പോലും മായ്ക്കാനാവാത്ത ഈ സ്നേഹബന്ധത്തിന് മുന്നില്‍ കണ്ണീരണിഞ്ഞ് നരണിപ്പുഴയെന്ന ഗ്രാമവും ഒന്നിച്ചു നിന്നു.