NEWSWorld

സൗദി അറേബ്യയിൽ വീഡിയോ ഗെയിം, ഇ-സ്പോർട്സ് മേൽനോട്ടത്തിനായി ‘സൗദി ഗെയിമിങ് ആൻഡ് ഇലക്‌ട്രോണിക് സ്‌പോർട്‌സ് അതോറിറ്റി’ സ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം

റിയാദ്: സൗദി അറേബ്യയിൽ വീഡിയോ ഗെയിം, ഇ-സ്പോർട്സ് മേൽനോട്ടത്തിനായി ‘സൗദി ഗെയിമിങ് ആൻഡ് ഇലക്‌ട്രോണിക് സ്‌പോർട്‌സ് അതോറിറ്റി’ എന്ന പേരിൽ ഔദ്യോഗിക സ്ഥാപനം ആരംഭിക്കും. സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ലോക ഇ-സ്പോർട്സ് മത്സരങ്ങൾ നടത്താൻ സൗദി അറേബ്യ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം.

വീഡിയോ ഗെയിം, ഇ-സ്പോർട്സ് ആഗോള കേന്ദ്രമാക്കി സൗദി അറേബ്യയെ മാറ്റുകയാണ് ലക്ഷ്യം. മന്ത്രിസഭ യോഗം 2024 ‘ഒട്ടക വർഷം’ ആയി ആചരിക്കാനും തീരുമാനിച്ചു. ‘വേൾഡ് എക്‌സ്‌പോ 2030’െൻറ ആതിഥേയത്വം വഹിക്കാനുള്ള ലേലത്തിൽ വിജയിച്ച സൗദി അറേബ്യയെയും അതിനുവേണ്ടി കിരീടാവകാശി നടത്തിയ ശ്രമങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു. രാജ്യത്തിെൻറ മികവ്, സുപ്രധാന പങ്ക്, അന്താരാഷ്ട്ര പദവി എന്നിവയുമായി പൊരുത്തപ്പെടുന്നതാണിത്. അന്താരാഷ്ട്ര സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നതിൽ തുടർച്ചയായുണ്ടാകുന്ന വിജയങ്ങളുടെ തുടർച്ചയായാണ് ഇതെന്നും മന്ത്രിസഭ വിലയിരുത്തി.

‘വിഷൻ 2030’​ന്റെ ഭാഗമായി രാജ്യവും തലസ്ഥാനമായ റിയാദും വിവിധ മേഖലകളിൽ സാക്ഷ്യം വഹിക്കുന്ന വികസനത്തെക്കുറിച്ച് ലോകജനതക്ക് അറിയാൻ വോട്ടുചെയ്ത രാജ്യങ്ങൾക്ക് മന്ത്രിസഭ നന്ദി പറഞ്ഞു. അന്തരിച്ച കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിെൻറ നിര്യാണത്തിൽ മന്ത്രിസഭ ആഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കുവൈത്തിെൻറ പുതിയ അമീറായ ശൈഖ് മിശ്അൽ അൽഅഹമ്മദ് അൽജാബർ അസ്സബാഹിനെ അഭിനന്ദിച്ചു.

ബ്രസീൽ, റഷ്യൻ പ്രസിഡൻറുമാരുടെ സൗദി സന്ദർശനം വഴി കൈവരിച്ച ഫലങ്ങളെ മന്ത്രിസഭ പ്രശംസിച്ചു. ഗസ്സയിലെ ഇസ്രായേൽ ആക്രമണം തടയുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനും ഫലസ്തീനിലെ ദുരിതമനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ സഹായം നൽകുന്നത് തുടരുന്നതിനും രാഷ്ട്രീയവും മാനുഷികവുമായ തലങ്ങളിൽ രാജ്യം നടത്തിയ ശ്രമങ്ങളെ മന്ത്രിസഭ വിലയിരുത്തി. ഊർജ മേഖലയിലെ സഹകരണത്തിനായി സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം നിശ്ചയിച്ച നിയന്ത്രണങ്ങൾ അനുസരിച്ച് പ്രാദേശിക കാർഷിക കമ്പനികളെയും വൻകിട കർഷകരെയും ഗോതമ്പും സീസണൽ കാലിത്തീറ്റയും വളർത്താനും മന്ത്രിസഭ അനുമതി നൽകി.

Back to top button
error: