കോഴിക്കോട്: കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും ഏകദേശം ഒന്നായി മാറുന്ന കാഴ്ചയാണെന്ന് എം മുകുന്ദന്. കാലിക്കറ്റ് പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിദ്യാര്‍ഥികളുടെ ബിരുദദാന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പരം വ്യത്യാസങ്ങളില്ലാതെയുള്ള കാലത്തിലൂടെയാണ് രാഷ്ട്രീയത്തിന്റെ സഞ്ചാരം.
ഇടതുപക്ഷത്തിനേയും വലതുപക്ഷത്തിനേയും വേര്‍തിരിക്കേണ്ട അതിര് എവിടെയാണെന്ന് ഇപ്പോള്‍ മനസിലാകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് ഇടതുപക്ഷ മനോഭാവമുണ്ടെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ നമ്മള് പിന്തുടരുന്നത് മൂലധന വ്യവസ്ഥിതിയുടെ നിയമങ്ങളും സ്വഭാവങ്ങളുമാണ്. അതുകൊണ്ടുതന്നെയാണ് ഇവിടെ ഇടതുപക്ഷം ദുര്‍ബലമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരിന്റെ പക്ഷത്ത് നിന്ന് സത്യത്തെ സംരക്ഷിക്കുക എന്ന കടമ നിര്‍വഹിക്കുന്ന ഗണ്‍രഹിത ഗണ്മാന്മാരാണ് മാധ്യമപ്രവര്‍ത്തകര്‍. എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ഒരേ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടവരാണ്. സത്യം എന്നത് രാഷ്ട്രീയത്തില്‍ നിന്നും മതത്തില്‍ നിന്നും മറ്റും ബഹിഷ്കൃതനായി, അലയുന്ന കാലത്ത് തലചായ്ക്കാനൊരിടം കണ്ടെത്തിയിരിക്കുന്നത് മാധ്യമപ്രവര്‍ത്തനത്തിലും സര്‍ഗാത്മക സാഹിത്യത്തിലുമാണെന്നും മുകുന്ദന് പറഞ്ഞു.
മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി വി നിധീഷ് മുഖ്യാതിഥിയായിരുന്നു. ഒന്നാം റാങ്ക് നേടിയ എന്‍ ഗോപികക്ക് സ്വര്‍ണ്ണമെഡല്‍ എം മുകുന്ദന് സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന് അധ്യക്ഷനായി. ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, ഐ സി ജെ ഡയറക്ടര്‍ വി ഇ ബാലകൃഷ്ണന്, ഒന്നാം റാങ്ക് നേടിയ എന്‍ ഗോപിക, പ്രസ് ക്ലബ്ബ് സെക്രട്ടറി പി എസ് രാകേഷ്, ട്രഷറര്‍ പി വി. നജീബ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ1: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം ബാച്ചിലെ ഒന്നാം റാങ്കുകാരി എന്‍. ഗോപികയ്ക്ക് സാഹിത്യകാരൻ എം.മുകുന്ദന് സ്വര്‍ണമെഡല്‍ സമ്മാനിക്കുന്നു.