BusinessTRENDING

ജനുവരി ഒന്നുമുതല്‍ വലിയ മാറ്റങ്ങള്‍, വിശദാംശങ്ങള്‍

ന്യൂഡൽഹി: ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.ജീവിതത്തില്‍ എന്നപോലെ പുതുവര്‍ഷത്തില്‍ സാമ്ബത്തിക രംഗത്തും നിരവധി മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് സാമ്ബത്തിക രംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും ജനങ്ങളെ ബാധിക്കാറുണ്ട്. ജനുവരി ഒന്നുമുതല്‍ സാമ്ബത്തിക രംഗത്ത് ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ ചുവടെ:

ബാങ്ക് ലോക്കര്‍:

പുതുക്കിയ ബാങ്ക് ലോക്കര്‍ കരാറില്‍ ഡിസംബര്‍ 31നകം അക്കൗണ്ട് ഉടമ ഒപ്പിടണം. അല്ലാത്തപക്ഷം ലോക്കര്‍ മരവിപ്പിക്കുമെന്നാണ് റിസര്‍വ് ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്. കരാറില്‍ ഒപ്പിടുന്ന സമയപരിധി ഡിസംബര്‍ 31 വരെ റിസര്‍വ് ബാങ്ക് നീട്ടുകയായിരുന്നു.

 പുതിയ സിം കാര്‍ഡ്:

പുതിയ ഫോണ്‍ കണക്ഷന്‍ വേണ്ടവര്‍ക്ക് ജനുവരി ഒന്നുമുതല്‍ സിം കാര്‍ഡിനായി പേപ്പര്‍ രഹിതമായി അപേക്ഷിക്കാന്‍ കഴിയും. ജനുവരി ഒന്നുമുതല്‍ പേപ്പര്‍ രഹിത കെവൈസി വ്യവസ്ഥ നടപ്പാക്കുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സിന്റെ വിജ്ഞാപനത്തില്‍ പറയുന്നത്.

ഡീമാറ്റ് നോമിനേഷന്‍:

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ജനുവരി ഒന്നിനകം ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ അവകാശിയുടെ പേര് നല്‍കണമെന്നാണ് സെബിയുടെ വ്യവസ്ഥ. അല്ലാത്ത പക്ഷം നോമിനേഷനില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് രേഖമൂലം അറിയിക്കേണ്ടതാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് ചെയ്തില്ലായെങ്കില്‍ ഭാവിയില്‍ നിക്ഷേപം പിന്‍വലിക്കുന്നതിന് അടക്കം ബുദ്ധിമുട്ട് നേരിടേണ്ടി വരും. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ക്കും ഇത് ബാധകമാണ്. നോമിനേഷന്‍ വ്യവസ്ഥ പാലിച്ചില്ലായെങ്കില്‍ ഫോളിയോകള്‍ മരവിപ്പിക്കുന്ന സാഹചര്യം നേരിടേണ്ടി വന്നേക്കാമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കാനഡ പഠനം:

ജനുവരി ഒന്നുമുതല്‍ കാനഡയില്‍ പോയി ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് ചെലവ് കൂടും. ജീവിതച്ചെലവുമായി ബന്ധപ്പെട്ട സാമ്ബത്തിക ആവശ്യകത മാനദണ്ഡം പുതുക്കിയത് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി തുക കൈയില്‍ കരുതേണ്ടി വരും. ഇന്ത്യയില്‍ നിന്ന് അടക്കം വിദേശ വിദ്യാര്‍ഥികളുടെ കാനഡയിലേക്കുള്ള വരവിനെ ഈ നീക്കം ബാധിക്കും. വിദ്യാര്‍ഥികള്‍ക്ക് യാത്രയ്ക്കും ട്യൂഷനും നല്‍കുന്നതിന് പുറമേ, ജീവിതച്ചെലവുമായി ബന്ധപ്പെട്ട സാമ്ബത്തിക ആവശ്യകത മാനദണ്ഡം അനുസരിച്ച്‌ 20,635 ഡോളറാണ് കൈയില്‍ കരുതേണ്ടി വരിക. രണ്ടു പതിറ്റാണ്ടായി 10000 ഡോളര്‍ ആയിരുന്നു തുക.

Back to top button
error: