CrimeNEWS

ചിലേടത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ, ചിലേടത്ത് സൈനിക ഡോക്ടർ… ആൾമാറാട്ടം നടത്തി 7 സ്ത്രീകളെ വിവാഹംകഴിച്ച 37 കാരന് പാകിസ്ഥാനുമായും കേരളത്തിലെ സംശയാസ്പദമായ സംഘടനകളുമായും ബന്ധമെന്ന് ഒഡീഷ പൊലീസ്

ദില്ലി: പ്രധാനമന്ത്രിയുടെ ഓഫീസിലെ (പി‌എം‌ഒ) ഉദ്യോഗസ്ഥനായും സൈനിക ഡോക്ടറായും ആൾമാറാട്ടം നടത്തി ആളുകളെ കബളിപ്പിച്ച 37 കാരനായ കശ്മീരി യുവാവിന് പാകിസ്ഥാനുമായും കേരളത്തിലെ സംശയാസ്പദമായ സംഘടനകളുമായും ബന്ധമുണ്ടെന്ന് ഒഡീഷ പൊലീസ്. കശ്മീർ സ്വദേശിയായ ഇഷാൻ ബുഖാരി (സയ്യിദ് ഇഷാൻ ബുഖാരി) ആണ് അറസ്റ്റിലായത്. ഇയാൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തട്ടിപ്പ് നടത്തി ഏഴ് യുവതികളെ വിവാഹം ചെയ്തിട്ടുണ്ടെന്ന് എസ്ടിഎഫ് ഐജി ജെഎൻ പങ്കജ് പറഞ്ഞു. കേരളത്തിലെ സംശയാസ്പദമായ സംഘടനകളുമായും ബന്ധമുണ്ടെന്നും വിവിധ സംസ്ഥാനങ്ങളിൽ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിച്ചെന്നും എസ്ടിഎഫ് ഇൻസ്പെക്ടർ ജനറൽ ജെഎൻ പങ്കജിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ന്യൂറോ സ്പെഷ്യലിസ്റ്റ്, ആർമി ഡോക്ടർ, പിഎംഒയിലെ ഉദ്യോഗസ്ഥൻ, ഉന്നത എൻഐഎ ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും അടുത്ത അനുയായി എന്നിങ്ങനെയാണ് പ്രതി ആൾമാറാട്ടം നടത്തിയത്.

ഇയാളിൽനിന്ന് യുഎസ്എയിലെ കോർണൽ യൂണിവേഴ്സിറ്റി, കനേഡിയൻ ഹെൽത്ത് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങൾ നൽകിയ മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ നിരവധി വ്യാജ രേഖകൾ ഒഡീഷ പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പിടിച്ചെടുത്തു. വ്യാജ സത്യവാങ്മൂലങ്ങൾ, ബോണ്ടുകൾ, എടിഎം കാർഡുകൾ, ബ്ലാങ്ക് ചെക്കുകൾ, ആധാർ കാർഡുകൾ, വിസിറ്റിംഗ് കാർഡുകൾ എന്നിവയും പിടിച്ചെടുത്തു.

കശ്മീർ, യുപി, മഹാരാഷ്ട്ര, ഒഡീഷ എന്നിവയുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏഴ് യുവതികളെ പ്രതി വിവാഹം കഴിച്ചു. അന്താരാഷ്‌ട്ര ബിരുദങ്ങളുള്ള ഡോക്ടറായി വേഷമിട്ട പ്രതിക്ക് ഒന്നിലധികം സ്ത്രീകളുമായി പ്രണയബന്ധമുണ്ടായിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കേസുകളുമായി ബന്ധപ്പെട്ട് കശ്മീർ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണിയാളെന്നും പൊലീസ് പറഞ്ഞു.

Back to top button
error: