LocalNEWS

റാന്നി കുറുമ്പൻമുഴിയിൽ നിന്ന് കണ്ടെത്തിയ പതിനെട്ടു ദിവസം മാത്രം പ്രായമുള്ള കുട്ടിയാന ചെരിഞ്ഞു

പത്തനംതിട്ട: റാന്നി കുറുമ്പൻമുഴിയിൽ നിന്ന് കണ്ടെത്തിയ പതിനെട്ടു ദിവസം മാത്രം പ്രായമുള്ള കുട്ടിയാന ചെരിഞ്ഞു. തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലേക്ക് എത്തിച്ചപ്പോഴാണ് ചെരിഞ്ഞത്. അണുബാധയാണ് കാരണമെന്നാണ് സംശയം. പ്രസവശേഷം അമ്മയാന ഉപേക്ഷിച്ചുപോയ കുട്ടിയാനയെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇത്രയും നാള്‍ പരിപാലിച്ചുപോന്നത്.

കുറുമ്പന്‍മുഴിയില്‍ റബ്ബര്‍ തോട്ടത്തിലെ ചെരിവിലാണ് ആന പ്രസവിച്ചത്. ഉയര്‍ന്ന പ്രദേശത്തു നിന്ന് കുട്ടിയാന താഴേക്ക് വീഴുകയായിരുന്നു. തള്ളയാന ഉപേക്ഷിച്ചുപോയി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുട്ടിയാനയെ റാന്നിയിലെ ആര്‍ആര്‍ടി ഓഫിസിന് സമീപത്തേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലേക്ക് എത്തിച്ചത്.

Signature-ad

പ്രസവിച്ചയുടൻ അമ്മയിൽ നിന്ന് വേർപെട്ടുപോയ കുഞ്ഞിന് ബീറ്റ് ഓഫീസർ നിതിനും വാച്ചർ ജോസഫുമൊക്കെയാണ് ആ കരുതൽ നല്‍കിയിരുന്നത്. ഡോക്ടർമാര്‍ നിർദേശിക്കും പോലെയായിരുന്നു ഭക്ഷണരീതി. ഒന്നരമണിക്കൂർ ഇടവിട്ട് പാല് കുടിപ്പിച്ചു.ഇളം വെയിൽ കൊള്ളിച്ചു.ലാക്ടോജനാണ് കൊടുത്തിരുന്നത്. കൊച്ചുകുഞ്ഞുങ്ങളെ എങ്ങനെ നോക്കുന്നോ അതുപോലെയാണ് നോക്കിയിരുന്നത്. ഇടയ്ക്കവൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റാൽ ആരെയും കണ്ടില്ലെങ്കിൽ വിളിയും ബഹളവുമൊക്കെയായിരുന്നു. ആ സ്നേഹ പരിചരണവും വിഫലമായി. കുട്ടിക്കൊമ്പന്‍ മടങ്ങി.

Back to top button
error: