‘ഇന്നത്തെ പത്രപ്രവർത്തനത്തെ കുറിച്ച് കൂടുതൽ പറഞ്ഞാൽ നാറും, കഴിവുള്ള ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകർ ഉണ്ടായിരുന്നത് കേരളത്തിൽ:’ ടി പത്മനാഭന്‍
കഴിവുള്ള ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകർ ഉണ്ടായിരുന്നത് കേരളത്തിലാണെന്നും എന്നാൽ ഇന്നത്തെ പത്രപ്രവർത്തനത്തെ കുറിച്ച് കൂടുതൽ പറഞ്ഞാൽ നാറുമെന്നും എഴുത്തുകാരൻ ടി പത്മനാഭന്‍. കാസര്‍കോട് പ്രസ് ക്ലബില്‍ കെ.എം അഹ്‌മദ് അനുസ്മരണവും അവാര്‍ഡ് ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്ന മാധ്യമ പ്രവര്‍ത്തകരുണ്ട്. ഇത്തരത്തിൽ നടന്ന പല കാര്യങ്ങളും എനിക്ക് നേരിട്ട് അറിയാം. ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടിയത് കൊണ്ട് മാത്രം മികച്ച മാധ്യമ പ്രവർത്തകരാകില്ല.
ഇതിന് അനുഭവ സമ്പത്തും സത്യസന്ധതയും വേണം. മാധ്യമ പ്രവര്‍ത്തനം അറിയാത്ത ചിലരാണ് ഈ മേഖലയില്‍ അരങ്ങു തകര്‍ക്കുന്നത്.’ ടി പത്മനാഭന്‍ തുറന്നടിച്ചു.
‘പണ്ട് മുഹമ്മദലി ജിന്ന, ഡോൺ എന്ന പത്രം തുടങ്ങുന്നതിനായി എഡിറ്ററെ തേടി എത്തിയത് തെക്കേ ഇൻഡ്യയിലെ അറ്റത്തുള്ള കേരളത്തിലായിരുന്നു. പോത്തൻ ജോസഫ് എന്ന നസ്രാണി മാധ്യമ പ്രവർത്തകനെ തേടിയാണ് അദ്ദേഹം എത്തിയത്. അദ്ദേഹം ഒരു മുസ്ലിം ലീഗുകാരനോ മുസ്ലിമോ പഞ്ചാബി ഭാഷ സംസാരിക്കുന്നയാളോ പാക്കിസ്താൻ അനുകൂലിയോ ആയിരുന്നില്ല. എന്നിട്ടും യോഗ്യതയും കഴിവും അറിഞ്ഞുകൊണ്ടാണ് ജിന്ന പോത്തൻ ജോസഫിനെ തേടിയെത്തിയത്.
തിരുവിതാംകൂറിൽ ദിവാനായിരുന്ന സർ സിപി യൂനിവേഴ്സിറ്റി വൈസ് ചാൻസിലറെ അന്വേഷിച്ച് എത്തിയത് അമേരികയിലെ പ്രശസ്തമായ പ്രിൻസ്റ്റൻ സർവകലാശാലയിൽ ആയിരുന്നു. അവിടെ ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട് ഐൻസ്റ്റീനെ കണ്ടാണ് അദ്ദേഹം കാര്യം അവതരിപ്പിച്ചത്. തന്നെ വൈസ് ചാൻസിലറായി നിയമിക്കാൻ സന്നദ്ധനായതിൽ ആഹ്ലാദമുണ്ടെന്ന് പറഞ്ഞ ഐൻസ്റ്റീൻ ഒന്നിലധികം ഗവേഷണങ്ങളിൽ താൻ മുഴുകിയിരിക്കുകയാണെന്നും ഒട്ടേറെ വിദ്യാർഥികൾക്ക് ഗവേഷണം നടത്താൻ സഹായിച്ച് വരികയാണെന്നും അറിയിക്കുകയായിരുന്നു.’
കഴിവുള്ളവരെ തേടി എത്ര ദൂരം വരെ എത്തുമെന്നതാണ് ഇതിലെ സാമ്യമെന്നും ഇത്തരത്തിലുള്ള പത്രപ്രവർത്തകർ ഇന്ന് കേരളത്തിൽ വേരറ്റു പോയെന്നും അദ്ദേഹം പറഞ്ഞു.