Fiction

ഉപേക്ഷിച്ച ദുശ്ശീലങ്ങങ്ങളിലേയ്ക്കു തിരികെപ്പോകാനുള്ള  പിന്‍വിളിയെ അതിജീവിക്കൂ, എങ്കിലേ അവനവനെ തന്നെ ജയിക്കാനാവൂ

വെളിച്ചം

   ആ ഗ്രാമത്തിലെ കുന്നിന്‍ ചെരുവില്‍ ഒരു അമ്പലമുണ്ട്. അതിനടുത്തുളള ആല്‍മരത്തില്‍ ധാരാളം കുരങ്ങുകള്‍ താമസിച്ചിരുന്നു. അമ്പലത്തില്‍ വരുന്നവര്‍ കൊണ്ടുവരുന്ന തേങ്ങാപ്പൂളും മറ്റ് പ്രസാദങ്ങളും കഴിച്ച് അവര്‍ അവിടെ സുഖമായി വസിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം അമ്പലത്തില്‍ ഒരു വിശേഷാല്‍ പൂജ നടക്കുന്നു എന്ന് അവർ അറിഞ്ഞു. അന്ന് പകല്‍മുഴുവന്‍ ഉപവസിച്ചാല്‍ ഈശ്വരാനുഗ്രഹം ഉണ്ടാകുമെന്നും പിന്നെ ജീവിതത്തില്‍ ധാരാളം ഐശ്വര്യങ്ങള്‍ വരുമെന്നും ആളുകള്‍ പറയുന്നതും കുരങ്ങന്മാർ കേട്ടു. പൂജാദിവസം ഉപവസിക്കാന്‍ അവരും തീരുമാനിച്ചു.

Signature-ad

രാവിലെ മുതല്‍ അവര്‍ ഉപവാസം ആരംഭിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരാള്‍ ഒരു വലിയ കുട്ടനിറയെ പഴുത്തമാങ്ങകള്‍ കൊണ്ടുവന്ന് ആല്‍മരത്തിനടിയില്‍ വെച്ചു.  എല്ലാ കുരങ്ങന്മാരും മാമ്പഴമെടുത്തു.  പക്ഷേ, ഉപവാസം തീര്‍ന്നാലല്ലേ ഇത് കഴിക്കാനാകൂ.. അവര്‍ കാത്തിരുന്നു.  ഉച്ചയായപ്പോഴേക്കും എല്ലാവര്‍ക്കും വിശന്നുതുടങ്ങി.  അപ്പോള്‍ കൂട്ടത്തിലെ മുതിര്‍ന്ന കുരങ്ങന്‍ പറഞ്ഞു:

  “എനിക്ക് വയസ്സായി.  ഇനി അധികകാലമൊന്നുമില്ല.  ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം കിട്ടിയിട്ട് കാര്യമൊന്നുമില്ല. അതിനാല്‍ ഞാന്‍ ഈ മാമ്പഴം കഴിക്കുകയാണ്.”

മുതിര്‍ന്ന കുരങ്ങന്‍ മാമ്പഴം കഴിക്കുന്നത് കണ്ട് കൊതിമൂത്ത് മറ്റ് കുരങ്ങന്മാരും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് മാമ്പഴം കഴിച്ചുതീര്‍ത്തു.

ഉപവസിക്കാന്‍ തീരുമാനിച്ച നിമിഷം മുതല്‍ അവരുടെ ചിന്ത ഭക്ഷണത്തെക്കുറിച്ച് മാത്രമായിരുന്നു.  എല്ലാവർക്കും കുറെ ദുശ്ശീലങ്ങള്‍ ഉണ്ടാകാം. ദുശ്ശീലങ്ങള്‍ മാറ്റണമെന്ന് എത്ര വിചാരിച്ചാലും ആ ശീലങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശക്തമായി നമ്മെ അള്ളിപ്പിടിച്ചുകൊണ്ടിരിക്കും.  പിന്നീട് നാം അധികവും ചിന്തിക്കുക ഈ ശീലക്കേടുകളെ കുറിച്ച് മാത്രമായിരിക്കും. ദുശ്ശീലങ്ങളെ മാറ്റാന്‍ നമുക്ക് കൃത്യമായ പ്ലാനിങ്ങും മുന്നൊരുക്കങ്ങളും ആവശ്യമാണ്.  മാത്രമല്ല, പാതിവഴി മാറ്റിയെടുത്ത ശീലങ്ങളില്‍ നിന്നും തിരികെപ്പോരാന്‍ ഒരു പിന്‍വിളി എപ്പോഴുമുണ്ടാകും.  ആ പിന്‍വിളിയെ അതിജീവിക്കുന്നവരാണ് അവനവനെ തന്നെ ജയിക്കുന്നവര്‍. ശുഭദിനം

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: